ചെന്നൈ: പളനി ക്ഷേത്രത്തില്‍ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ച് സംഘര്‍ഷം. പളനി മലയടിവാരത്തുള്ള ഉപക്ഷേത്രത്തിലാണ് ഭക്തര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തേങ്ങയും കല്ലും കൊണ്ട് ഇരു സംഘവും പരസ്പരം എറിഞ്ഞു. ഏറുകൊണ്ട് ഏതാനും പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ക്ഷേത്രം താത്കാലികമായി അടച്ചു.
പളനി ശ്രീമുരുകന് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ തിരുവിനാങ്കുടി ക്ഷേത്രത്തിലാണ് സംഘര്‍ഷമുണ്ടായത്. തൈപ്പൂയം ഉത്സവത്തിന്റെ സമാപന ആഘോഷങ്ങള്‍ക്കായി പതിനായിരക്കണക്കിന് ഭക്തരാണ് പളനിയിലെത്തിയത്. കോയമ്പത്തൂരില്‍ നിന്നും ഇടപ്പാടിയില്‍ നിന്നും പദയാത്രയായി എത്തിയ ഭക്തര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ഇടപ്പാടിയില്‍ നിന്നുള്ള ഭക്തര്‍ തിരുവിനാങ്കുടി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ക്ഷേത്ര കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന കോയമ്പത്തൂരില്‍ നിന്നുള്ള ഭക്തര്‍ ചെണ്ടകൊട്ട് നിര്‍ത്തിയില്ല. മേളം നിര്‍ത്താന്‍ ഇടപ്പാടി സംഘം ആവശ്യപ്പെട്ടു. എന്നാല്‍, കോയമ്പത്തൂര്‍ സംഘം അവഗണിച്ചു. ഇതാണ് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റത്തിലും പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തേങ്ങയും കല്ലും കൊണ്ടുള്ള ഏറില്‍ അനവധി പേര്‍ക്കു പരുക്കേറ്റു. തുടര്‍ന്ന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി ഇരു വിഭാഗത്തേയും ഒഴിപ്പിച്ചു.