കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. പ്രേക്ഷകർ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗമാണെന്നും ഒന്നാം ഭാഗം അടുത്ത വർഷം പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും പ്രധാന നടനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ 100 ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരത്തിന്റെ പ്രഖ്യാപനം. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം എന്നത് മാത്രമല്ല, ആസ്വാദകരില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു കാന്താര. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പ്രീക്വൽ എന്ന ആശയം തന്റെ മനസ്സിൽ ഉദിച്ചതെന്നും ഋഷഭ് ഷെട്ടി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.
ഈ പരിപാടിയില്‍ സംസാരിച്ച കാന്താരയുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ മേധാവി വിജയ് കിരഗണ്ഡൂര്‍ ചിത്രം സംബന്ധിച്ച് ശുഭപ്രതീക്ഷയാണ് പങ്കുവച്ചത്. “കാന്താര പ്രേക്ഷകര്‍ക്ക് മൊത്തത്തിൽ ഒരു പുതിയ സിനിമ അനുഭവം നല്കി. കാന്താര സൃഷ്ടിച്ച പ്രേക്ഷകര്‍ക്കിടയിലെ ആവശേം നിലനിർത്താനും വർദ്ധിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാന്താര 100 ദിവസം പൂർത്തിയാക്കിയതിനാൽ പുതിയ കഥ പറയാന്‍ ഋഷഭും സംഘവും തയ്യാറാകുകയാണ്. കാന്താരയുടെ തുടർഭാഗം മുമ്പത്തേക്കാൾ വലുതും ഗംഭീരവുമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുമെന്നും ഹൊംബാളെ ഫിലിംസിന്റെ മേധാവി ചടങ്ങില്‍ പറഞ്ഞു.
റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച കാന്താരയുടെ കന്നഡ പതിപ്പ് മാത്രമായിരുന്നു ആദ്യം പുറത്തെത്തിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി ചിത്രം. പിന്നാലെ ഒടിടി റിലീസിലും വലിയ സ്വീകാര്യത നേടി ചിത്രം.