മുംബൈ: മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് പൊലീസ് മോക് ഡ്രില്‍ നടത്തുന്നതിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വിലക്ക് ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ചാണ് പൊലീസ് മോക് ഡ്രില്‍ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനായ സയിദ് ഉസ്മയാണ് കോടതിയെ സമീപിച്ചത്.
മോക് ഡ്രില്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയന്നു വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ മംഗേഷ് പാട്ടീല്‍, എഎസ് ചപല്‍ഗോങ്കര്‍ എന്നിവര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു നിര്‍ദേശം നല്‍കി. ഹര്‍ജി അടുത്ത മാസം പത്തിനു പരിഗണിക്കുമെന്നും അതുവരെ പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ ഭീകരരായി ചിത്രീകരിച്ച് പൊലീസ് മോക് ഡ്രില്‍ നടത്തരുതെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നേരിടുന്നതിനു പൊലീസ് എത്രമാത്രം സജ്ജമെന്നു പരിശോധിക്കുന്നതിനാണ് മോക് ഡ്രില്‍. ഇതു വളരെ പക്ഷപാതപരമായാണ് പൊലീസ് നടത്തുന്നതെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.
കഴിഞ്ഞ മാസം മഹാരാഷ്ട്ര പൊലീസ് സംഘടിപ്പിച്ച മോക് ഡ്രിൻ വിവാദമായിരുന്നു. തീവ്രവാദിയായി അഭിനയിക്കുന്ന പൊലീസ് ഉദ്യോസ്ഥര്‍ അള്ളാഹു അക്ബർ വിളിച്ചതാണ് വിവാദമായത്. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണ് മോക്ഡ്രില്ലെന്ന് ആരോപിച്ച് ഒരു അഭിഭാഷക കൂട്ടായ്മ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുകയും ചെയ്തു സംഭവത്തിൽ അന്വേഷണമുണ്ടാവുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും ചന്ദ്രപ്പൂർ എസ്പി എസ്പി രവീന്ദ്രസിങ് പർദേഷി ഉറപ്പ് നൽകിയിരുന്നു.
ജനുവരി 11ന് ചന്ദ്രാപുരിലെ പ്രശസ്തമായ മഹാകാളി ക്ഷേത്രത്തിന് സമീപത്താണ് വിവാദമായ മോക് ഡ്രിൽ നടത്തിയത്. ക്ഷേത്രത്തിലെത്തുന്നവരെ തീവ്രവാദികൾ ബന്ദികളാക്കിയാൽ എങ്ങനെയാണ് സുരക്ഷാ സേന ഇടപെടുകയെന്നതായിരുന്നു മോക് ഡ്രിൽ. ഇതിൽ തീവ്രവാദികളുടെ വേഷമിട്ടവർ പ്രത്യേക മതവിഭാഗം ധരിക്കുന്ന വസ്ത്രവും അവരുടെ മുദ്രാവാക്യവുമാണ് വിളിച്ചതെന്നും ആരോപണമുയർന്നു.
മോക്ഡ്രില്ലിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമുണ്ടായത്. മോക്ഡ്രിൽ ഒരുപ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്തനും തീവ്രവാദികളായി മുദ്രകുത്തുന്നതുമാണെന്ന് പരാതി നൽകാൻ നേതൃത്വം നൽകിയ അഭിഭാഷകൻ ഫറാത്ത് ബെയ്ഗ് പറഞ്ഞു. ലോക്കൽ പൊലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും കോംബാറ്റ് യൂണിറ്റ് സി-60 വിഭാഗവുമാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.