ഇസ്താംബുൾ: 12 മണിക്കൂറിനിടെയുണ്ടായ മൂന്നു വൻ ഭൂചലനങ്ങളിൽ തകർന്നു തരിപ്പണമായി സിറിയയും തുർക്കിയും. രണ്ടിടത്തുമായി മരണം 4000 കവിഞ്ഞതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ പതിനായിരത്തിലേറെ പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ നൽകുന്ന സൂചന. എന്നാൽ, മരണ സംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തുര്‍ക്കിയില്‍ മാത്രം 2,739 പേര് മരിച്ചു. സിറിയയില്‍ 1,444 പേര് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 4183 ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് തെക്ക്- കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും ആദ്യ ഭൂചലനുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പതിനഞ്ചിന് മിനിറ്റിന് ശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായി. ഉച്ചതിരിഞ്ഞ് നാലു മണിയോടെ വീണ്ടും ഭൂചലനമുണ്ടായി. 6.0 ആണ് റിക്ടര്‍ സ്കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. തുര്‍ക്കിയിലെ നുര്‍ദാഗി നഗരത്തിലെ ഗാസിയന്‍ടെപിലാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ കഹ്രമാന്‍മറാസിലാണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. മധ്യ തുര്‍ക്കിയിലാണ് ഉച്ചയ്ക്ക് ശേഷം ഭൂചലനമുണ്ടായത്.
തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് എന്നാണ് വിലയിരുത്തല്‍. തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,818 കെട്ടിടങ്ങള്‍ നിലംപൊത്തി. 1939ലെ 2,818 കെട്ടിടങ്ങള്‍ തകര്‍ന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്ദോഗന് പറഞ്ഞു. സിറിയില്‍ നടന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് സിറിയന്‍ ദേശീയ ഭൂചലന നിരീക്ഷണ ഏജന്‍സി പറഞ്ഞു.