ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യയായിരുന്ന അയേഷ മുഖര്‍ജിയും 2021-ലാണ് വിവാഹമോചിതരായത്. ഒമ്പതു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ഇരുവരും വഴിപിരിഞ്ഞത്. ഇപ്പോള്‍ അയേഷക്കെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം.
തന്റെ കരിയര്‍ നശിപ്പുക്കുമെന്ന് മുന്‍ ഭാര്യ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ധവാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സി.ഇ.ഒ ധീരജ് മല്‍ഹോത്രയ്ക്ക് അയേഷ മുഖര്‍ജി അയച്ചതായി ധവാന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെ അയേഷയെ വിലക്കി കോടതി ഉത്തരവിട്ടു. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ധവാനെതിരേ പരാമര്‍ശങ്ങള്‍ നടത്തുന്നതാണ് കോടതി വിലക്കിയത്. അതേസമയം ആവശ്യമെങ്കില്‍ പരാതിയുമായി ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കാമെന്നും കോടതി ധവാന്റെ മുന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കി.
ഓസ്ട്രേലിയന്‍ പൗരത്വമുള്ള 47-കാരിയായ അയേഷയും 37-കാരനായ ധവാനും 2012-ലാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. മകന്‍ നിലവില്‍ അയേഷയോടൊപ്പം ഓസ്ട്രേലിയയിലാണ്. അയേഷയ്ക്ക് ആദ്യ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്.
ഒമ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചതായി 2021-ല്‍ അയേഷയാണ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ധവാന്റെ പേര് ചേര്‍ത്തുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് അയേഷ മുഖര്‍ജി എന്ന പേരിലെ അക്കൗണ്ടില്‍ നിന്നാണ് അവര്‍ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്.