മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 9ന് ആകും ചിത്രം തിയറ്ററുകളിൽ എത്തുക. റിലീസ് വിവരത്തോടൊപ്പം സെൻസറിംഗ് കഴിഞ്ഞ വിവരവും മമ്മൂട്ടി അറിയിച്ചു. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന് ആണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ക്രിസ്റ്റഫറിന് ഉണ്ട്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ക്രിസ്റ്റഫറിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ തുടങ്ങിയവരാണ് ക്രിസ്റ്റഫറിന്റെ മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം, നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ലിജോ ജദോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനി ആണ്. കാതൽ ആണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം. ജ്യോതിക നായികയായി എത്തുന്ന കാതൽ സംവിധാനം ചെയ്യുന്നത് ജിയോ ബേബി ആണ്.