പീരുമേട്: അനധികൃത മദ്യവിൽപ്പന നടത്തി വന്ന സി പി എം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് പിടിയിൽ. ഇടുക്കിയിൽ പതിനാറര ലിറ്റർ വിദേശ മദ്യവുമായാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി പിടിയിലായത്. ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറിയായ രതീഷ് ആണ് എക്സൈസിന്‍റെ പിടിയിൽ ആയത്. മാട്ടുതാവളം സ്വദേശി മങ്ങാട്ടുശ്ശേരിയിൽ രതീഷിനെ പീരുമേട് എക്സൈസ് ആണ് പിടികൂടിയത്. ചില്ലറ വില്പനക്ക് വാങ്ങി സൂക്ഷിച്ചിരുന്നതാണ് വിദേശമദ്യം. പീരുമേട് എക്സൈസ് ഇൻസ്പെക്ടർ പി കെ സതീഷും സംഘവും ആണ് പ്രതിയായ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്തത്.
മുൻപും ഇയാൾക്കെതിരെ സമാന സംഭവത്തിൽ കേസ് ഉണ്ടായിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെ നടത്തിയ റെയ്ഡിൽ വീടിന്‍റെ ഷെയ്ഡിന് മുകളിൽ ഒളിപ്പിച്ച നിലയിൽ അര ലിറ്ററിന്റെ 33 കുപ്പിയിലായാണ് മദ്യം കണ്ടെത്തിയത്. ബിവറേജിന്റെ ചില്ലറ വിൽപ്പന ശാലകൾ ഒന്നാം തിയതി അവധി ആയതിനാൽ വിൽപ്പന നടത്താനാണ് മദ്യം വാങ്ങി സൂക്ഷിച്ചതെന്ന് രതീഷ് വ്യക്തമാക്കി.
രഹസ്യ വിവരത്തെ തുടർന്നാണ് സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ എക്സൈസ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ വി പി സാബുലാൽ , സുരേഷ് ബാബു, അഭിലാഷ്, ഇന്റലിജൻസ് പ്രിവന്റിവ് ഓഫീസർമാരായ പി ഡി സേവ്യർ , ഷിജു ദാമോധരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് എസ് അനീഷ്, രാജു, പി ഭാസ്ക്കർ, സലീഷ വി ഹമീദ് എന്നിവരും പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.