NEWSWorld

പെഷവാറിലെ പള്ളിയിലുണ്ടായ സ്‌ഫോടനം: ചാവോറാക്രമണം പൊലീസുകാരോടുള്ള പ്രതികാരമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കൻ നഗരമായ പെഷവാറിലെ പള്ളിയിലുണ്ടായ സ്‌ഫോടനം പ്രതികാര ആക്രമണമായിരുന്നുവെന്ന് പൊലീസ് മേധാവി. ചാവേർ ആക്രമണത്തിൽ ഒരു ഇമാം ഉൾപ്പെടെ 100 പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനസമയത്ത് പള്ളിയുടെ പരിസരത്ത് പ്രാർത്ഥനയ്ക്കായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കാൻ മുൻനിരയിലുള്ളതിനാലാണ് അവർ തങ്ങളെ ലക്ഷ്യമിടുന്നതെന്ന് സിറ്റി പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ എഎഫ്‌പിയോട് പറഞ്ഞു.

പൊലീസ് സേനയെ തകർക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മസ്ജിദിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുകയും രക്ഷിക്കാൻ കഴിയുന്നവരെ ആശുപത്രികളിലെത്തിക്കുകയും ചെയ്ത ശേഷമാണ് രക്ഷാപ്രവർത്തനം ചൊവ്വാഴ്ച അവസാനിപ്പിച്ചത്. ഏഴു മണിക്കൂറോളം ഞാനൊരു മൃതദേഹത്തിനൊപ്പം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നു. എനിക്ക് അതിജീവനത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു. സ്‌ഫോടനത്തിൽ കാലുകൾ ഒടിഞ്ഞ 23 കാരനായ പൊലീസ് കോൺസ്റ്റബിൾ വജാഹത്ത് അലി എഎഫ്‌പിയോട് പറഞ്ഞു.

2021 ഓഗസ്റ്റിൽ താലിബാൻ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള പെഷവാറിനടുത്തുള്ള പ്രദേശങ്ങളിൽ സുരക്ഷാ ചെക്ക്‌പോസ്റ്റുകളെ ലക്ഷ്യം വച്ചുള്ള തീവ്രവാദപ്രവർത്തനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ താലിബാനും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക വിഭാഗവുമാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം കൂടുതലും ഏറ്റെടുക്കുന്നത്. പള്ളിയിൽ പ്രാർഥനയ്ക്കിടെ മുൻ നിരയിൽ ഉണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

സ്‌ഫോടനത്തെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്, ചെക്ക്‌പോസ്റ്റുകളിൽ സുരക്ഷ ശക്തമാക്കുകയും കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. ഇസ്ലാമാബാദിൽ, കെട്ടിടങ്ങളിലും നഗര പ്രവേശന കവാടങ്ങളിലും സ്‌നൈപ്പർമാരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലുടനീളമുള്ള ആശുപത്രികളിൽ പരിക്കേറ്റവർക്ക് മികച്ച മെഡിക്കൽ സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും പെഷവാർ പൊലീസ് കമ്മീഷണർ റിയാസ് മെഹ്‌സൂദിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു.

Back to top button
error: