KeralaNEWS

സാമൂഹിക സുരക്ഷാ പെന്‍ഷൻ വാങ്ങുന്ന തട്ടിപ്പുകാരും  സ്ഥിരവരുമാനക്കാരും കുടുങ്ങും, വര്‍ഷം ഒരുലക്ഷം രൂപ വരുമാനമുള്ളവരെ പെന്‍ഷനില്‍നിന്ന് ഒഴിവാക്കും

  സാമൂഹിക സുരക്ഷാ പെന്‍ഷൻ വാങ്ങുന്ന തട്ടിപ്പുകാരും സ്ഥിരവരുമാനക്കാരും സൂക്ഷിക്കുക. വര്‍ഷത്തിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍നിന്ന് കര്‍ശനമായി ഒഴിവാക്കാന്‍ ധനവകുപ്പ് നീക്കങ്ങൾ തുടങ്ങി. പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കി. പെന്‍ഷന്‍ വാങ്ങുന്നവരില്‍നിന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍മുതല്‍ വരുമാനസര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28നകം നല്‍കണം. ഇതിന്റെ അടിസ്ഥാനത്തിൽ വരുമാനം വിലയിരുത്തി പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കാനാണ് തീരുമാനം. അഞ്ചുലക്ഷം പേരെങ്കിലും ഇത്തരത്തിൽ ഒഴിവാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്.

ഇപ്പോള്‍ 50.5 ലക്ഷം പേരാണ് മാസം 1600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. ഇതിനുപുറമേ, ഏഴുലക്ഷത്തില്പരംപേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്. അവര്‍ക്ക് വരുമാനപരിധി ബാധകമല്ല.

Signature-ad

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാര്‍ഷിക വരുമാനം പരിഗണിക്കും. ഇതില്‍ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബവരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

അതേസമയം സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള ക്ഷേമപെന്‍ഷനും വീണ്ടും കുടിശ്ശികയായി. ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ നല്‍കാന്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈയാഴ്ചതന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

Back to top button
error: