NEWSWorld

ഗൂഗിളിനു പിന്നാലെ ഫിലിപ്പ്‌സിലും കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് ആറായിരം പേർക്ക്

ആംസ്റ്റര്‍ഡാം: ആമസോണിനും ഗൂഗിളിനും പിന്നാലെ പ്രമുഖ ഡച്ച് ടെക്‌നോളജി കമ്പനിയായ ഫിലിപ്പ്‌സും ജീവനക്കാരെ പിരിച്ചുവിടുന്നു. 6000 പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. പ്രവർത്തനലാഭക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. ഈ വര്‍ഷം തന്നെ ആറായിരം പേരില്‍ പകുതിപ്പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി പറയുന്നത്.

2025 ഓടെ ശേഷിക്കുന്നവരെയും ഒഴിവാക്കും. വിപണി മൂല്യത്തിന്റെ 70 ശതമാനം വരുന്ന, ശ്വസന സംബന്ധമായ ഉപകരണങ്ങള്‍ തിരിച്ചുവിളിച്ചത് ആരോഗ്യരംഗത്തും സാന്നിധ്യമുള്ള കമ്പനിയുടെ സാമ്പത്തികനിലയെ ബാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനം. ഈ നഷ്ടം നികത്താൻ ജോലിക്കാരെ പിരിച്ചുവിടുകയാണ് എളുപ്പമാർഗമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

ഉറക്കത്തില്‍ ശ്വാസതടസ്സം അനുഭവപ്പെടുന്ന രോഗത്തിനുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഫിലിപ്പ്‌സിന്റെ ലക്ഷക്കണക്കിന് വെന്റിലേറ്ററുകളാണ് തിരിച്ചുവിളിച്ചത്. ഇതില്‍ ഉപയോഗിക്കുന്ന ദ്രാവകം വിഷലിപ്തമായി മാറുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഇതുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ചെലവ് ചുരുക്കാന്‍ കമ്പനി തീരുമാനിച്ചത്. ഒക്ടോബറില്‍ തന്നെ തൊഴില്‍ ശക്തിയില്‍ അഞ്ചുശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചിരുന്നു. അടുത്തിടെ ടെക് ഭീമൻമാരായ ഗൂഗിൾ നൂറു കണക്കിന് ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.

Back to top button
error: