തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ സര്‍ക്കാര്‍ തള്ളി. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സില് ഉല്പാദിപ്പിക്കുന്ന ജവാന് 10% വില വര്‍ധനയാണു ബെവ്കോ ആവശ്യപ്പെട്ടിരുന്നത്.
സ്പിരിറ്റ് വില വര്‍ധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തില്‍ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവു നികുതി സര്‍ക്കാര്‍ ഒഴിവാക്കി നല്കി. ഇതിന്റെ ഗുണം ട്രാവന്‍കൂര്‍ ഷുഗേഴ്സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വര്‍ധന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാന്. തിരുവല്ലയിലെ ഡിസ്റ്റിലറിയില്‍ ദിനംപ്രതി 8000 കെയ്സ് റം ഉല്പാദിപ്പിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഡിസംബര്‍ 17 ന് മദ്യ വില വര്‍ധിപ്പിച്ചിരുന്നു. നിയമസഭ പാസാക്കിയ വില്‍പ്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് മദ്യത്തിന് പത്ത് മുതല്‍ 20 രൂപ വരെ വര്‍ധന വരുത്തിയത്. ജവാന് മദ്യത്തിന്റെ വില 600 രൂപയില്‍ നിന്ന് 610 രൂപയായി. മറ്റൊരു പ്രമുഖ ബ്രാന്‍ഡായ എം.എച്ചിന് 1020 രൂപയില്‍ നിന്ന് 1040 രൂപയായി. നേരത്തെ ജനുവരി ഒന്ന് മുതലായിരിക്കും വില വര്‍ധന പ്രാബല്യത്തില്‍ വരികയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ പുതുക്കിയ വില ഈടാക്കണമെന്ന് ബെവ്കോ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.