ഭുവനേശ്വർ: ഒഡീഷയില്‍ ആരോഗ്യമന്ത്രി നവ ദാസിനെ വെടിവെച്ച എഎസ്ഐ ഗോപാല്‍ദാസിന് മാനസികപ്രശ്നമുണ്ടെന്ന് ഭാര്യ ജയന്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഗോപാല്‍ദാസ് മരുന്ന് കഴിക്കുന്നുണ്ടെന്നും മന്ത്രിയുമായി പ്രശ്നങ്ങളുണ്ടോയെന്ന് അറിയില്ലെന്നും ഗോപാല്‍ദാസിന്റെ ഭാര്യ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധി ചൌക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിക്ക് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസ് വെടിവെക്കുകയായിരുന്നു.
നെഞ്ചില്‍ വെടിയേറ്റ മന്ത്രിയെ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ പരിശോധനക്കായി ആകാശമാർഗം ഭുവനേശ്വറിലേക്ക് മാറ്റി. ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആക്രമണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ആക്രമിക്കാനുള്ള കാരണമെന്താണെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ എത്തിയ മുഖ്യമന്ത്രി നവീൻ പട്നായിക് സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന നവ ബാബു 2019 ലാണ് ബിജെഡിയിലെത്തിയത്. മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂർ ക്ഷേത്രത്തില്‍ ഒരു കോടി രൂപയുടെ കലശം നല്‍കിയത് വാർത്തയായിരുന്നു. കഴിഞ്ഞ വർഷം പാചകക്കാരന് ആത്മഹത്യ ചെയ്തത സംഭവത്തില്‍ പ്രതിപക്ഷം നവ ബാബുവിനെതിരെ ആരോപണം ഉന്നിയിച്ചിരുന്നു.