CrimeNEWS

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ശ്രദ്ധ കണ്ടു; പിന്നെ വാക്കേറ്റം, കൊലപ്പെടുത്തി വെട്ടി കഷണങ്ങളാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ വോള്‍ക്കര്‍ കൊലപാതകത്തില്‍ 6,629 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. ശ്രദ്ധയ്ക്ക് മറ്റൊരു സുഹൃത്തുമായുള്ള ബന്ധമാണ് അഫ്താബിനെ പ്രകോപിപ്പിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കാണുന്നതിനായി ഗുരുഗ്രാമിലേക്ക് ശ്രദ്ധ പോയിരുന്നു. ഇതേച്ചൊല്ലി രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പോലീസ് അഫ്താബിനെതിരേ ചുമത്തിയിരിക്കുന്നത്. ഫോണിലെ സന്ദേശങ്ങളും കോള്‍ റെക്കോര്‍ഡുകളും അഫ്താബ് മുന്‍പേ നശിപ്പിച്ചിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി അഫ്താബ് വെട്ടിനുറുക്കി. പലയിടങ്ങളിലായാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയല്‍ക്കാരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ 180 പേരുടെ സാക്ഷിമൊഴികളാണ് കുറ്റപത്രത്തിലുള്ളത്. ഇതിന് പുറമേ മുന്‍സ്ഥാപന മേധാവിക്കും സുഹൃത്തുക്കള്‍ക്കും ശ്രദ്ധ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും, അഫ്താബിന്റെ ഉപദ്രവത്തെ കുറിച്ച് പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.

കൊലപാതകത്തിന് ആഴ്ചകള്‍ക്ക് ശേഷം ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തില്‍ അഫ്താബ് ജോലിക്ക് ചേര്‍ന്നിരുന്നു. അഫ്താബില്‍ അസ്വാഭാവികമായ പെരുമാറ്റം ഒന്നും കണ്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ നല്‍കിയ മൊഴി. മൃതദേഹാവശിഷ്ടങ്ങള്‍ അഫ്താബ് ഉപേക്ഷിച്ചതിന് ദൃക്‌സാക്ഷികള്‍ ഇല്ലെങ്കിലും സാഹചര്യ തെളിവുകള്‍, ശാസ്ത്രീയ തെളിവുകള്‍, സാക്ഷിമൊഴികള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയാണ് പോലീസ് സമര്‍പ്പിച്ചിട്ടുള്ളത്.

2022 മേയ് 18 ന് ഉച്ചയോടെയാകും കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. മകളെ കാണാനില്ലെന്ന ശ്രദ്ധയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നവംബര്‍ 12ന് അഫ്താബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഏഴു വരെ അഫ്താബിന്റെ കസ്റ്റഡി നീട്ടി കോടതി ഉത്തരവിട്ടു. ഫെബ്രുവരി ഏഴിന് കേസ് കോടതി വീണ്ടും പരിഗണിക്കും.

Back to top button
error: