പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ തനിക്കു ലഭിച്ച അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകി. അച്ഛനമ്മമാർക്കൊപ്പം മകൻ മേഘമൽഹാറിനെയും കൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവസതിയിലെത്തിയാണ് ദിവ്യ തുക കൈമാറിയത്. ഇന്ത്യൻ എക്സ്പ്രസിന്റെ എക്സലൻസ് ഇൻ ഗുഡ് സർവീസ് പുരസ്കാരമാണ് കഴിഞ്ഞ ദിവസം ദിവ്യക്കു ലഭിച്ചത്.
‘സ്നേഹോഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിയും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് മകന് ഒരു ഹസ്തദാനവും അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായാഹ്നത്തെ അവിസ്മരണീയമാക്കി.’
ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.
ദിവ്യ എസ്. അയ്യരുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
‘തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ് ‘Excellence in Good Governance’ അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മൽഹാർ വാവയും എന്റെ അപ്പാവും അമ്മയും.
സ്നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു Shake Hand ഉം അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി’