ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയങ്ങൾ 69 ദിവസം എണ്ണിയിട്ടും തീർന്നില്ല. അറുന്നൂറിലധികം ജീവനക്കാരാണ് തുടർച്ചയായി 69 ദിവസവും നാണയങ്ങൾ എണ്ണിയത്. എന്നാൽ ഇത്ര ദിവസമായിട്ടും എണ്ണിതീരാതെ നാണയങ്ങൾ കുന്നുകൂടി കിടക്കുന്നു. നാണയങ്ങൾ എണ്ണിത്തീരാതെ ഇവർക്ക് അവധി എടുക്കാൻ പോലും പറ്റില്ല.
നാണയത്തിന്റെ മൂന്ന് കൂനകളിൽ ഒന്ന് മാത്രമാണ് ഇതുവരെയായി എണ്ണി തീർന്നത്. അതേസമയം നോട്ടുകള്‍ എണ്ണിത്തീർന്നിട്ടുണ്ട്. തൽസ്ഥിതി തുടരുകയാണെങ്കിൽ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും രണ്ടു മാസം എടുക്കും. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്സ് എന്നിവ ബാധിച്ച് ചിലർ ചികിത്സയ്ക്കായി പോകുകയും ചെയ്തു.
ഈ അവസ്ഥ നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചിരിക്കുകയാണ്. ശബരിമലയില്‍ സ്പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാര്‍ തിരിച്ചെത്താത്തതാണ് നാട്ടിലെ ക്ഷേത്രങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. മിക്കയിടങ്ങളിലും ഉത്സവം നടക്കുകയാണ്. അതിനാല്‍ ശബരിമലയിലേക്കു സ്പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാരെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അതത് ദേവസ്വം ഓഫീസര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.
ജനുവരി 17 വരെയുള്ള കണക്കുകള്‍ പ്രകാരം 315.46 കോടിയാണ് ശബരിമലയിലെ വരുമാനം. നാണയങ്ങൾ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന സംശയത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥർ. ഒരേ മൂല്യമുള്ള പലതരത്തിലുള്ള നാണയങ്ങളും ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതിനാൽ തൂക്കി എടുക്കുന്നത് ബോര്‍ഡിന് നഷ്ടം ഉണ്ടാക്കും.