KeralaNEWS

കാരാപ്പുഴ റിസർവോയറിൽ യുവതിയെ കാണാതായ സംഭവം: കുട്ടത്തോണി മറിഞ്ഞ സ്ഥലം അറിയില്ല, ജലാശയത്തിലെ തണുപ്പും വെല്ലുവിളി; ആദിവാസി യുവതിക്കായുള്ള തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. വാഴവറ്റ എഴാംചിറ ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷിയെ (38) ആണ് കാണാതായത്. റിസർവോയറിന്റെ ഏതു ഭാഗത്തു വച്ചാണ് അപകടമുണ്ടായതെന്നു കൃത്യമായി മനസിലാക്കാൻ കഴിയാത്തതും ജലാശയത്തിലെ കൊടും തണുപ്പും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവ് ബാലൻ അപകടത്തിൽപ്പെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു.

കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി അഗ്‌നിരക്ഷാസേനാംഗങ്ങളും അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനയായ തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ബാലനും മീനാക്ഷിയും കുട്ടത്തോണിയില്‍ വിറക് ശേഖരിക്കാനായി വീട് നില്‍ക്കുന്നിടത്ത് നിന്ന് ഡാം റിസര്‍വോയറിന്റെ മറുകരക്ക് പോയത്. ചീപ്രം കോളനിക്ക് സമീപത്തായി തന്നെ തോണി മറിഞ്ഞെന്നാണ് കരുതുന്നത്. അപകടം നടന്നയുടനെ തന്നെ ഭര്‍ത്താവ് ബാലന്‍ നീന്തി കരക്കുകയറി.

Signature-ad

ബാലനാണ് മീനാക്ഷി അപകടത്തില്‍പ്പെട്ട കാര്യം മറ്റുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഡാമിലെ ആഴം തിരിച്ചടിയായതിനാല്‍ കല്‍പ്പറ്റ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ആദ്യദിവസം തന്നെ ഫയര്‍ഫോഴ്‌സിലെ സ്‌കൂബാ ഡൈവേഴ്‌സ് മീനാക്ഷിയെ കണ്ടെത്താന്‍ നടത്തിയ ശ്രമം ആഴവും തണുപ്പും കാരണം വൈകുന്നേരത്തോടെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ബത്തേരിയില്‍ നിന്നും കൂടുതല്‍ സേനാംഗങ്ങള്‍ എത്തിയത്. ഇന്ന് രാവിലെ എട്ടരയോടെ ആരംഭിച്ച തിരച്ചില്‍ തുടരുകയാണ്.

Back to top button
error: