IndiaNEWS

ബ്രിജ് ഭൂഷണെതിരേ ലൈംഗികപീഡന ആരോപണമുന്നയിച്ച ഗുസ്തി താരങ്ങള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണമുന്നയിച്ച് സമരം ചെയ്ത് പ്രതിഷേധിച്ച ഗുസ്തിക്കാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിക്കി എന്നയാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും അതിനുവേണ്ടി നിയമനടപടികളെ ദുരുപയോഗം ചെയ്തുവെന്നുമാണ് ഹർജിയില്‍ ആരോപിക്കുന്നത്.

ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡനമടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി രംഗത്തുവരികയും സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഗുസ്തി താരങ്ങളായ വിനേഷ് ഫൊഗട്ട്, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫൊഗട്ട്, സോനം മാലിക്, അന്‍ഷു മാലിക് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ആജ് തക്, സീ ന്യൂസ്, ന്യൂസ് നേഷന്‍, റിപബ്ലിക് ഭാരത് ഉള്‍പ്പെടെ ചില ചാനലുകള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിജ് ഭൂഷന്റെ അന്തസ്സിനെയും ജീവിതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇവര്‍ മാനസികമായി ഉപദ്രവിച്ചെന്നാണ് ഹർജിക്കാരനായ വിക്കിയുടെ വാദം. ”ഡബ്ല്യു.എഫ്.ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണോട് എനിക്ക് വളരെ ആഴമേറിയ വാത്സല്യമുണ്ട്, ആ താല്‍പര്യത്തിന്മേലാണ് ഈ ഹര്‍ജി ഫയല്‍ ചെയ്യുന്നത്”- എന്നാണ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ വിക്കി പ്രതികരിച്ചത്.

എന്നാല്‍, ഹർജിക്കു പിന്നിൽ താനല്ലെന്നു ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി. ‘ഡല്‍ഹിയിൽ പ്രതിഷേധിച്ച ഗുസ്തിക്കാര്‍ക്കും വാര്‍ത്താ ചാനലുകള്‍ക്കുമെതിരെ ഞാനോ എന്നോട് ബന്ധപ്പെട്ട ഏതെങ്കിലും അംഗീകൃത വ്യക്തിയോ ഒരു ഹർജിയും സമര്‍പ്പിച്ചിട്ടില്ല. കോടതിയില്‍ ഹർജി നല്‍കാന്‍ ഞാന്‍ ഏതെങ്കിലും അഭിഭാഷകനെയോ ഏജന്‍സിയെയോ പ്രതിനിധിയെയോ അധികാരപ്പെടുത്തിയിട്ടില്ല,”- ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പ്രശസ്ത ഗുസ്തി താരം വിനേഷ് ഫൊഗട്ടായിരുന്നു വെളിപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഇവര്‍ സമരമവസാനിപ്പിച്ചത്.

Back to top button
error: