തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഡി.വൈ.എഫ്.ഐ അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടേതാണ് ആഹ്വാനം. തിരുവനന്തപുരത്തു പൂജപ്പുരയില്‍ ഇന്നു വൈകിട്ടാണ് പ്രദര്‍ശനം. ചാല ബ്ലോക്ക് കമ്മറ്റിയാണ് പ്രദര്‍ശനം ഒരുക്കുന്നത്.
കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. ജനുവരി 27ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദര്‍ശനമുണ്ടാകുമെന്നും അറിയിച്ചു.
കാലടി സംസ്‌കൃത സര്‍വകലാശാലയിലും എറണാകുളത്തെ വിവിധ കോളജുകളിലും ഡോക്യുമെന്റി പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. സംസ്‌കൃത സര്‍വകലാശാലയില്‍ ഇന്നു വൈകിട്ട് ആറരയ്ക്കാണ് പ്രദര്‍ശനം. എറണാകുളം മഹാരാജാസ് കോളജ്, കുസാറ്റ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലും പ്രദര്‍ശനം ഉണ്ടാകും. ലോ കോളജില്‍ വൈകിട്ട് ആറിനും മഹാരാജാസിലും കുസാറ്റിലും വൈകിട്ട് അഞ്ചിനുമാണ് പ്രദര്‍ശനം.
തിങ്കളാഴ്ച ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. സ്റ്റുഡന്റ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, മുസ്‌ലിം സ്റ്റുഡന്റ് ഫെഡറേഷന്‍ എന്നീ വിദ്യാര്‍ഥി സംഘടനകളാണ് ക്യാംപസിനുള്ളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ഈ സംഘടനകളില്‍നിന്നുള്ള അന്‍പതോളം വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തിയെന്നാണ് വിവരം. ഇവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍, വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചെന്ന് വിവരം ലഭിച്ചെങ്കിലും ആരും പരാതി എഴുതി നല്‍കാത്തതിനാല്‍ നടപടി എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.