പറവൂര്‍: നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. പറവൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണ്. സര്‍ക്കാര്‍ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാല്‍ ഉടന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോകുമെന്നും സതീശൻ പറഞ്ഞു.
നിയമസഭ സമ്മളേനത്തില്‍ ജനകീയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പ് കുത്തുന്നത്. ബജറ്റ് എന്നത് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍ പോകുകയാണ്. ബജറ്റില്‍ പറയുന്ന ഒരു പദ്ധതിയും നടപ്പാക്കാനുള്ള പണം സര്‍ക്കാരിന്റെ കൈവശമില്ല. നികുതി വരുമാനം കുറഞ്ഞും ദുര്ചെലവുകള് വര്‍ധിച്ചും ഖജനാവ് കാലിയായി. സംസ്ഥാനത്തെ എങ്ങനെ തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റ്. വികസനപ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി ഇനി വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ബഫര്‍ സോണും തീരദേശ മേഖകളിലെ വിഷയങ്ങളും സര്‍ക്കാരിന്റെ സംഭരണം തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളും സഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.