മധുര: ജല്ലിക്കെട്ടിനിടെ വീണ്ടും മരണം, ജല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ ധർമപുരിയിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരനാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. തടങ്കം ഗ്രാമത്തിലാണ് സംഭവം നടന്നത്. 14കാരനായ ഗോകുലാണ് കൊല്ലപ്പെട്ടത്.
ബന്ധുക്കളോടൊപ്പമാണ് ഗോകുൽ ജെല്ലിക്കെട്ട് കാണാൻ പോയത്. മത്സരത്തിനിടെ കാള കാണികൾക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. വയറ്റിൽ കാളയുടെ കുത്തേറ്റതിനെ തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ഉടൻ തന്നെ ധർമ്മപുരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ധർമ്മപുരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വർഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുൽ.
തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ജല്ലിക്കെട്ടുകളിൽ നേരത്തെ മൂന്നുപേർ മരിച്ചിരുന്നു. മധുര പാലമേടിലും ട്രിച്ചി സൂരിയൂരിലും നടന്ന ജല്ലിക്കെട്ടുകളിലാണ് രണ്ട് പേർ മരിച്ചത്. ട്രിച്ചി സൂരിയൂരിൽ നടന്ന ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് (25) എന്നയാളെ കാള കുത്തിക്കൊന്നു.
പാലമേട് ജല്ലിക്കെട്ടിനിടെ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാളും കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. കളത്തിലേക്കുവന്ന പാടെ പിടിക്കാൻ ശ്രമിച്ച ഇരുപത്തിയാറുകാരനായ അരവിന്ദ് രാജിനെ കാള കൊമ്പിൽത്തൂക്കി എറിയുകയായിരുന്നു.