NEWSWorld

ബൊൽസനാരോ അനുയായികളുടെ കലാപം; സൈനിക മേധാവിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്‍റ് ലുല ഡ സിൽവ

ബ്രസീലിയ: ബ്രസീലിൽ പാർലമെന്റിലും സുപ്രീംകോടതിയിലും ഉൾപ്പെടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ കടുത്ത നടപടിയുമായി പ്രസിഡന്‍റ് ലുല ഡ സിൽവ. സൈനിക മേധാവി ജനറൽ ജൂലിയോ സീസർ ഡ അറൂഡയെ പ്രസിഡന്‍റ് പുറത്താക്കി. സുപ്രീം കോടതിയിലേക്കും പാർലമെന്‍റിലേക്കും അടക്കം മുൻ പ്രസിഡന്‍റ് ബൊൽസനാരോയുടെ അനുയായികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടെന്ന് പ്രസിഡൻറ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേധാവിയുടെ പിരിച്ചുവിടൽ.

ലുല ഡ സിൽവ

മുൻ പ്രസിഡന്‍റ് ജൈർ ബൊൽസനോരോയുടെ പങ്ക് ഉൾപ്പടെ അക്രമ സംഭവങ്ങളിൽ സുപ്രീംകോടതിയുടെ നേതൃത്വത്തിലുളള അന്വേഷണം പുരോഗമിക്കുകയാണ്. പിരിച്ചുവിട്ട അറൂഡയ്ക്ക് പകരക്കാരനായി സിൽവയുടെ അടുത്ത അനുയായി കൂടിയായ ജനറൽ തോമസ് റിബിഇറോ പൈവയെ സൈനിക മേധാവിയായി നിയമിച്ചിട്ടുണ്ട്. അമേരിക്കയിൽ 2021ൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനത്തിനാണ് ബ്രസീൽ സാക്ഷ്യം വഹിച്ചത്.

Signature-ad

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയുടെ അനുയായികൾ തന്ത്രപ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീൽ പാർലമെന്‍റ് മന്ദിരത്തിലടക്കം അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. മൂവായിരത്തോളം വരുന്ന കലാപകാരികളാണ് ആക്രമണം നടത്തിയത്. പിന്നാലെ സുപ്രീം കോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും അക്രമികൾ ഇരച്ചെത്തി. സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും പൊലീസുകാരും തെരുവിൽ വലിയ രീതിയിലാണ് ആക്രമിക്കപ്പെട്ടത്.

പുതുവര്‍ഷ ദിനത്തിലായിരുന്നു ലുല ഡ സിൽവ ബ്രസീല്‍ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റായിരുന്ന ബൊൽസനാരോയുടെ വലതുപക്ഷ പാർട്ടിയെ തോൽപ്പിച്ചാണ് ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർട്ടി നേതാവ് ലുല ഡ സിൽവയുടെ നേതൃത്വത്തിലുളള ഇടത്പക്ഷം അധികാരത്തിലെത്തിയത്. മൂന്ന് തവണ അധികാരത്തിലെത്തുന്ന ബ്രസീലിന്‍റെ പ്രസിഡന്‍റ് കൂടിയാണ് ലുല ഡ സിൽവ. എന്നാൽ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ മുൻ പ്രസിഡണ്ട് തയ്യാറാകാതെ വന്നതോടെ പ്രതിസന്ധി ഉടലെടുത്തിരുന്നു.

Back to top button
error: