CrimeNEWS

പതിവായി മദ്യപിച്ചെത്തി മര്‍ദനം; മകനെ തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മ അറസ്റ്റില്‍

അമരാവതി: മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മാതാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബിക്കവോലുവിലാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തിയുള്ള മര്‍ദനം സഹിക്കവയ്യാതെയായിരുന്നു മാതാവിന്റെ ക്വട്ടേഷന്‍. മകനെ കൊല്ലാന്‍ 1.30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് മാതാവ് നല്‍കിയത്. സംഭവത്തില്‍ മാതാവിനെ കൂടാതെ മറ്റ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാകിനാഡ ജില്ലയിലെ കാരപ്പ മണ്ഡല്‍ സ്വദേശിനിയായ കനക ദുര്‍ഗയും ക്വട്ടേഷന്‍ സംഘവുമാണ് അറസ്റ്റിലായത്. ഡ്രൈവറായി ജോലി ചെയ്യുന്ന മകന്‍ വീരവെങ്കട ശിവപ്രസാദ് ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മാതാവിനൊപ്പമാണ് കഴിയുന്നത്. ഇയാള്‍ മദ്യപിച്ച് വന്ന് മാതാവിനെ മര്‍ദിക്കുന്നത് പതിവായിരുന്നു.

Signature-ad

മകന്റെ ദ്രോഹത്തില്‍ മനംനൊന്ത് മാതാവ് അയാളെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയും അതിനായി അകന്ന ബന്ധുവായ യേഡുകൊണ്ടാലു എന്നയാള്‍ക്ക് ചുമതല കൈമാറുകയുമായിരുന്നു. ഇയാള്‍ സത്യനാരായണ എന്നയാളോട് ഇക്കാര്യം സംസാരിച്ചു. ശിവപ്രസാദിനെ കൊല്ലാന്‍ അയാള്‍ 1.50 ലക്ഷം രൂപ ആവശ്യപ്പെട്ടു.

എന്നാല്‍, 1.30 ലക്ഷം രൂപ നല്‍കാമെന്ന് കനകദുര്‍ഗ പറയുകയും ഇത് സമ്മതിച്ച സത്യനാരായണ, ബോലെം വംശികൃഷ്ണ എന്നയാളെയും കൂട്ടി ശിവപ്രസാദിനെ കൊല്ലാന്‍ പദ്ധതിയിടുകയും ചെയ്തു. ബിക്കാവോലുവിന്റെ പുറത്ത് വച്ച് വകവരുത്താനായിരുന്നു ഇവരുടെ പദ്ധതി.

തുടര്‍ന്ന് ഇരുവരും ശിവപ്രസാദിനെ ആക്രമിക്കുകയും സത്യനാരായണ ഇരുമ്പ് കമ്പി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ആക്രമണത്തില്‍ ശിവപ്രസാദ് മരിച്ചെന്ന് കരുതി ഇവര്‍ പോയി. എന്നാല്‍ അതുവഴി വന്ന റെയില്‍വേ ഗ്യാങ്മാന്‍, അടിയേറ്റ് ചോര വാര്‍ന്നുകിടക്കുന്ന യുവാവിനെ കാണുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കനകദുര്‍ഗ കുറ്റം സമ്മതിക്കുകയും ഇവരേയും മറ്റു പ്രതികളേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Back to top button
error: