ന്യൂഡല്‍ഹി: ലൈംഗികാരോപണം ഉള്‍പ്പെടെ ഉയര്‍ത്തി ദേശീയ ഗുസ്തി താരങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെ, ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബി.ജെ.പി എം.പിയുമായി ബ്രിജ്ഭൂഷണ് ശരണ്‍ സിങ് ഗുസ്തി താരത്തിന്റെ മുഖത്ത് അടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. റാഞ്ചിയില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിനിടെ നടന്ന സംഭവത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി യു.പിയില്‍ നിന്നുള്ള ഗുസ്തി താരത്തെ മല്‍സരിക്കാന്‍ അനുവദിച്ചില്ല. ഗുസ്തി താരം ഇത് ചോദ്യം ചെയ്തതോടെ ഉദ്ഘാടനച്ചടങ്ങിനായി വേദിയിലുണ്ടായിരുന്ന ബ്രിജ്ഭൂഷണ് ദേഷ്യപ്പെടുകയും മുഖത്തടിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണ് മാപ്പു പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ഝാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
BJP MP & President of Wrestling Federation Brij Bhushan Sharan slapping a wrestler on stage for asking questions. He has been accused of sexual harrasment by many female wrestlers.
Other BJP MPs like Tejaswi Surya are also trending on twitter.
BJP has a knack for picking people! pic.twitter.com/Y8udPJbVJE— Prashant Bhushan (@pbhushan1) January 19, 2023
അതേസമയം, ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച താരങ്ങള്‍ പ്രശ്ന പരിഹാരത്തിനായി രാത്രി വൈകി കേന്ദ്ര കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ എന്നിവരാണ് മന്ത്രിയെ കണ്ടത്. ഇന്നലെ രാത്രി 10.30ന് തുടങ്ങിയ ചര്‍ച്ച അവസാനിച്ച് താരങ്ങള്‍ പുറത്തിറങ്ങിയത് പുലര്‍ച്ചെ 2.30ഓടെയാണ്. സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ താരങ്ങള്‍ ഇന്നു തന്നെ പോലീസിനെ സമീപിച്ചേക്കുമെന്നാണ് വിവരം.
ബ്രിജ്ഭൂഷണെതിരേ കടുത്ത നടപടി വേണമെന്നും ഫെഡറേഷന് ഭരണസമിതി പിരിച്ചുവിടണമെന്നും ഒളിംപ്യന്മാരായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവര്‍ ആവശ്യപ്പെട്ടു. അതിനിടെ ജന്തര്‍ മന്തറില്‍ തുടരുന്ന പ്രതിഷേധത്തിനു പിന്തുണ ഏറുന്നതും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം, പ്രതിഷേധിക്കുന്ന താരങ്ങളുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിനും ശ്രമിക്കുന്നുണ്ട്. ബി.ജെ.പി നേതാവും ഗുസ്തി താരവുമായ ബബിത ഫോഗട്ടു വഴിയാണ് നിലവില്‍ അനുരഞ്ജന നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്.