ലഖ്‌നൗ: സമാജ്‌വാദി പാർട്ടി നേതാവിന്റെ 21കാരി മകളുമായി ഒളിച്ചോടി 45 വയസുകാരനായ ബി.ജെ.പി. നേതാവ്, പാർട്ടിയിൽ നിന്ന് പുറത്താക്കി നേതൃത്വം. ബിജെപി ഹര്‍ദോയ് യൂണിറ്റ് സെക്രട്ടറി 45കാരനായ ആശിഷ് ശുക്ലയാണ് എസ്പി നേതാവിന്റെ 21 വയസുകാരിയായ മകളുമായി ഒളിച്ചോടിയത്. എസ്പി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ തലേദിവസമാണ് ഇവര്‍ ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ശുക്ല വിവാഹിതനാണ്. ഇയാള്‍ക്ക് 21 വയസ്സുള്ള ഒരു മകനും ഏഴു വയസ്സുകാരിയായ മകളുമുണ്ട്. വീട്ടുകാര്‍ വിവാഹ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ, ഒരാഴ്ച മുന്‍പ് ശുക്ലയ്‌ക്കൊപ്പം പെണ്‍കുട്ടി ഒളിച്ചോടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ശുക്ല ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താനായി ബന്ധുക്കളെ ചോദ്യം ചെയ്തു വരികയാണെന്നും ഹര്‍ദോയ് എഎസ്പി അനില്‍ കുമാര്‍ യാദവ് പറഞ്ഞു. തുടർന്ന് ജനുവരി പന്ത്രണ്ടിന് ശുക്ലയെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് ശുക്ലയെ പുറത്താക്കിയത് എന്നാണ് ബിജെപി വിശദീകരണം. ഇപ്പോള്‍ നിയമത്തിന് അനുസരിച്ച് നീങ്ങാന്‍ പൊലീസിന് തടസ്സമൊന്നുമില്ലെന്ന് ബിജെപി മാധ്യമ വിഭാഗം മേധാവി ഗംഗേഷ് പഥക് പറഞ്ഞു.
അതേസമയം, ഒളിച്ചോട്ടം രാഷ്ട്രീയ ആയുധമാക്കി എസ്പി രംഗത്തെത്തി. ബിജെപി നേതാക്കള്‍ ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പെണ്‍കുട്ടികള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്ന് എസ്പി ട്വിറ്റര്‍ ക്യാമ്പയിന്‍ ആരംഭിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനായി പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുമെന്ന് എസ്പി നേതാവ് ജിതേന്ദ്ര വെര്‍മ പറഞ്ഞു.