നരച്ച മുടി കറുപ്പിക്കാൻ കിടിലൻ വിദ്യകൾ വീട്ടിൽത്തന്നെ തയ്യാറാക്കാം: പിന്നെന്തിന് കൃത്രിമ ഡൈ ഉപയോഗിച്ച് അതിവേഗം മൊട്ടത്തലയനാകണം
മധ്യവയസ്കരേയും ചെറുപ്പക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അകാലനര. മുടിയുടെ സംരക്ഷണത്തിൽ പുലർത്തുന്ന അലംഭാവമാണ് ഇതിൻ്റെ പ്രധാന കാരണം. കൂടാതെ സ്‌ട്രെസ്, പോഷകങ്ങളുടെ അഭാവം, ചില മരുന്നുകള്‍ എന്നിവയും മുടി നരയ്ക്കാൻ കാരണമാണ്
മുടി കറുപ്പിയ്ക്കാന്‍ കൃത്രിമ ഡൈ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. പകരം വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഹെയര്‍ ഡൈകൾ പലതുണ്ട്.
ഉണക്ക നെല്ലിക്ക കൊണ്ട് ഹെയർ ഡൈ
ഇതിനായി വേണ്ടത് ഒരു ഇരുമ്പ് ചീനച്ചട്ടിയും ഉണക്ക നെല്ലിക്ക, ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവയുമാണ്. ഉണക്ക നെല്ലിക്ക വീട്ടില്‍ തന്നെ ഉണക്കിയെടുക്കാം. അല്ലെങ്കില്‍ വാങ്ങാം. നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്.
മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പ് പകരാനുമെല്ലാം ഇത് ഉത്തമമാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത്. പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം
ഒരു പിടി ഉണങ്ങിയ നെല്ലിക്ക ചീനച്ചട്ടിയില്‍ ഇടുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ വീതം ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് രണ്ട് കപ്പ് വെള്ളമൊഴിയ്ക്കുക. ഇത് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. നെല്ലിക്ക നല്ലതുപോലെ വെന്ത് വെള്ളത്തിന്റെ നിറം ഏകദേശം മഞ്ഞയായി കൊഴുക്കുന്നതു വരെ തിളപ്പിയ്ക്കണം. ഇത് വാങ്ങി അടച്ചു വയ്ക്കുക. ഒരു രാത്രി മുഴുവന്‍ അടച്ച് വയ്ക്കണം. പിന്നീട് ഇത് ഊറ്റിയെടുക്കണം. ഈ വെള്ളം മുടിയിലും ശിരോചര്‍മത്തിലും നല്ലതുപോലെ പുരട്ടി ഒരു മണിക്കൂര്‍ ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യാം. മുടി കറുക്കാനും മുടിയുടെ ആരോഗ്യത്തിനും വളരെയേറെ നല്ലതാണ് ഇത്.
ബീറ്റ്റൂട്ട് ഹെയർ ഡൈ
തൊലി കളഞ്ഞ് ബീറ്റ്‌റൂട്ട് കഷ്ണങ്ങള്‍ എടുക്കുക. തേയില കൂടുതലിട്ട് കട്ടന്‍ ചായ തിളപ്പിയ്ക്കുക. ഇത് അരിയ്ക്കാതെ തന്നെ ബീറ്റ്‌റൂട്ടു കഷ്ണങ്ങളുമായി ചേര്‍ത്ത് അരച്ചെടുക്കാം. ഈ കൂട്ടിലേയ്ക്ക്, കടയിൽ വാങ്ങാൻ കിട്ടുന്ന ഇന്‍ഡിക പൗഡര്‍ (നീലഅമരിപ്പൊടി) ചേര്‍ത്തിളക്കാം.
ഈ കൂട്ട് മുടിയില്‍ തേയ്ക്കാന്‍ പാകത്തിന് മിശ്രിതമാക്കി എടുക്കാം. മുടിയില്‍ ഇത് തേയ്ക്കുമ്പോള്‍ എണ്ണമയം പാടില്ല. ഷാംപൂ ചെയ്ത് മുടിയിലെ എണ്ണമയം കളയണം. പിന്നീട്, ഇത് ഉണങ്ങിയ മുടിയില്‍ പുരട്ടി വയ്ക്കാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. ഷാംപൂ ഇട്ട് കഴുകരുത്. ഇത് അടുപ്പിച്ച് മൂന്നു ദിവസം ചെയ്യാം. മുടിയുടെ നര മറയ്ക്കുന്ന സ്വാഭാവിക മിശ്രിതമായി ഇത് ഉപയോഗിയ്ക്കാം
കാപ്പിപ്പൊടി കൊണ്ട് ഹെയർ ഡൈ
ഇതിനായി വേണ്ടത് മൂന്നു ചേരുവകളാണ്. കഞ്ഞിവെള്ളം, തൈര്, കാപ്പിപ്പൊടി എന്നിവയാണ് ഇത്.മുടിയില്‍ പുരട്ടാന്‍ ആവശ്യമുള്ളത്ര കാപ്പിപ്പൊടി എടുക്കുക. ഇത് തലേന്ന് എടുത്ത് പുളിപ്പിച്ച കഞ്ഞിവെള്ളത്തില്‍ ( തലേ ദിവസത്തെ കഞ്ഞി വെള്ളം) ചേര്‍ത്ത് ഇളക്കണം.
പിന്നീട് തൈരും ചേര്‍ത്തിളക്കുക. ഇത് നല്ലതു പോലെ ഇളക്കിച്ചേര്‍ത്ത് നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയില്‍ പുരട്ടാം. നരയുളള ഭാഗത്ത് പ്രത്യേകിച്ചും. ഇത് അടുപ്പിച്ച് മൂന്നു ദിവസം ചെയ്യണം. നര മറയ്ക്കാന്‍ സഹായിക്കും എന്ന് മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും മുടിക്ക് മിനുസം നല്‍കാനുമെല്ലാം ഇത് നല്ലതാണ്.
രാസവസ്തുക്കൾ അടങ്ങിയ കൃത്രിമ ഡൈ ഒഴിവാക്കി പ്രകൃതിദത്തമായ ഈ ഹെയർ ഡൈകൾ സ്ഥിരമായി ഉപയോഗിച്ചാൽ ഫലം 100 ശതമാനം ഉറപ്പ്.