ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാവുന്ന പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന കിംഗ് ഖാൻ ചിത്രം എന്നത് ഒട്ടൊന്നുമല്ല ചിത്രത്തിൻറെ പ്രീ റിലീസ് ഹൈപ്പ് വർധിപ്പിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി ഓപണിംഗ് കളക്ഷനിൽ പരമാവധി മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. ജനുവരി 25 ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിൻറെ വിദേശ രാജ്യങ്ങളിലെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ഈ മാസം 10 ന് തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് എന്ന് ആരംഭിക്കും എന്ന വിവരവും പുറത്തെത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറെ ദിവസങ്ങളായി ഉയർത്തിയിരുന്ന ചോദ്യമാണ് ഇത്. ഇതിനുള്ള ഉത്തരമാണ് പുറത്തെത്തിയിരിക്കുന്നത്. റിലീസിന് നാല് ദിവസങ്ങൾക്ക് മുൻപ് 20 ന് ചിത്രത്തിൻറെ ഇന്ത്യയിലെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. ഈ വർഷത്തെ ഏറ്റവും മികച്ച ഓപണിംഗ് തന്നെയാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.
#Pathaan Advance booking to commence from 20th January Across India.. Expecting HISTORIC Pre Sale from the FIRST EVENT INDIAN FILM OF 2023 .. #ShahRukhKhan pic.twitter.com/t20uRfxp9r
— Sumit Kadel (@SumitkadeI) January 17, 2023
2018 ൽ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാൻ നായകനായെത്തുന്ന ചിത്രമാണിത്. സിദ്ധാർഥ് ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ ഒരുക്കിയ സംവിധായകനാണ് സിദ്ധാർഥ് ആനന്ദ്. ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.