മുംബൈ: ഫുട്ബോൾ ലോകകപ്പ് ലൈവ് ടെലികാസ്റ്റിങിന് പിന്നാലെ ഐപിഎൽ ടെലികാസ്റ്റിങിന്റെ സാധ്യത തേടി റിലയൻസ്. ജിയോസിനിമ ആപ്പിൽ 2022 ഫിഫ ലോകകപ്പ് സൗജന്യമായാണ് സംപ്രേക്ഷണം ചെയ്തത്. സമാനമായ മോഡൽ പരീക്ഷിക്കാനാണ് ജിയോ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം 23,758 കോടി രൂപയ്ക്കാണ് റിലയൻസിന്റെ വയാകോം18 (Viacom18) ഐപിഎല്ലിന്റെ 2023-2027 സീസണുകളുടെ ഡിജിറ്റൽ മീഡിയ റൈറ്റുകൾ വാങ്ങിയത്.
ലൈവ് സ്പോർട്സ് സ്‌ട്രീമിങ് മാർക്കറ്റിനെ വെല്ലുന്ന രീതിയിലുള്ള പദ്ധതിയാണ് വയാകോം18 ആലോചിക്കുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. മികച്ച എക്സ്പീരിയൻസിനായി സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നത് ഇനിയുമുണ്ടാകും എന്നാണ് സൂചന. കൂടാതെ പ്രാദേശിക ഭാഷകളിൽ ഐപിഎൽ പ്രക്ഷേപണം ലഭ്യമാക്കുക, ജിയോ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകൾക്കൊപ്പം സൗജന്യ ഐപിഎൽ കാണുകയോ ജിയോസിനിമയിൽ ഏതെങ്കിലും തരത്തിലുള്ള സൗജന്യ സ്ട്രീമിങ് ആക്‌സസ് ചെയ്യാനോ മറ്റ് ടെലികോംകമ്പനികളുടെ ഉപയോക്താക്കളെ അനുവദിക്കാനും പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസിൻറെ ഉടമസ്ഥതയിലുള്ള വയാകോ 18 ആയിരുന്നു ഫുട്ബോൾ ലോകകപ്പിൻറെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നത്. വയാകോം 18ൻറെ സ്പോർട്സ് 18 ചാനലിലൂടെയാണ് മത്സരങ്ങൾ ടെലിവിഷനിൽ കാണാനായിരുന്നത്. ജിയോ സിനിമയിൽ ലൈവ് സ്ട്രീമിംഗ് കാണാൻ ജിയോ സിം ആവശ്യമില്ലെന്ന് അന്ന് തന്നെ റിലയൻസ് വ്യക്തമാക്കിയിരുന്നു2. ഏത് നെറ്റ്‌വർക്ക് കണക്ഷനുള്ളവർക്കും ജിയോ സിനിമ ഡൗൺലോഡ് ചെയ്ത് സൗജന്യമായി ജിയോ സിനിമയിലൂടെ ലോകകപ്പ് കാണാനുള്ള അവസരവും ഒരുക്കിയിരുന്നു.