ഏറ്റുമാനൂർ: എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി ജോർജ് മരങ്ങോലി പാർട്ടി സ്ഥാനം രാജി വച്ച് ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നു. എൻ.സി.പി. സംസ്ഥാന നിർവാഹക സമിതി അംഗമായ കാണക്കാരി സ്വദേശി തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തി പാർട്ടിയിൽനിന്നും പുറത്താക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് രാജിവച്ച് ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നു ജോർജ് മരങ്ങോലി പറഞ്ഞു.
തനിക്കൊപ്പം എൻ.സി.പിയുടെ സജീവ് പ്രവർത്തകരായ 50 ഓളം പേരും ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് തോമസ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജും പത്രസമ്മേളനത്തിൽ പങ്കെടുത്തു.