CrimeNEWS

കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 95 പവൻ കവർന്ന സംഭവം: പ്രതി പിടിയിൽ; കള്ളനെ പിടികൂടിയതിന് നാട്ടുകാരും വീട്ടുകാരും പൊലീസിന് മധുരം നൽകി

തൃശ്ശൂർ: കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 95 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. 10 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അന്വേഷണം വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് പൊലീസ് പറയുന്നു. കണ്ണൂർ സ്വദേശിയായ ഇസ്മായിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കുന്നംകുളത്ത് രാജൻ – ദേവി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.

മുൻപ് ആറ് കേസുകളിൽ പ്രതിയാണ് 30കാരനായ പ്രതി. ഡിസംബർ രണ്ടിനാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. ഒറ്റയ്ക്ക് യാത്ര ചെയ്ത് ഒഴിഞ്ഞ വീടുകൾ നോക്കി കണ്ടെത്തി മോഷണം ചെയ്യുന്നതാണ് പ്രതിയുടെ രീതി. കുന്നംകുളത്ത് പുതുവത്സര ദിവസമായിരുന്നു പ്രതി മോഷണം നടത്തിയത്. രാജൻ വിദേശത്താണ്. സംഭവ ദിവസം ദേവി വീട്ടിലുണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തിയ പ്രതി കോളിങ് ബെൽ അടിച്ച് ഇവിടെ ആളുണ്ടോയെന്ന് നോക്കി. ആരും വാതിൽ തുറക്കാതെ വന്നതോടെ ആളില്ലെന്ന് ഉറപ്പിച്ചു. പിന്നീട് പുറകിലെ വാതിൽ കുത്തിപ്പൊളിച്ചാണ് ഇസ്മായിൽ വീടിന് അകത്ത് കടന്നത്. വീട്ടിൽ നിന്ന് ആകെ 95 പവൻ സ്വർണം നഷ്ടമായിരുന്നു. ഇതിൽ 80 പവൻ സ്വർണം കണ്ടെത്തി. കോഴിക്കോട്ടെ സ്വർണക്കടയിൽ നിന്ന് ഉരുക്കിയ സ്വർണമാണ് കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Signature-ad

മോഷണത്തിന് ശേഷം പ്രതി തന്റെ പാന്റ് വീടിൽ ഉപേക്ഷിച്ചു. ഇവിടെ നിന്ന് ഒരു പാന്റ് ധരിച്ച ശേഷം പിൻവശത്ത് കൂടി വയലിലേക്ക് ഇറങ്ങി കുന്നംകുളം ഭാഗത്തേക്ക് പോയി. അവിടെ നിന്ന് തൃശ്ശൂരിലേക്കും പിന്നീട് പത്തനംതിട്ടയിലേക്കും പോയി. കലഞ്ഞൂരെ കാമുകിയെ കാണാനാണ് പത്തനംതിട്ടയിലേക്ക് പോയത്. രണ്ട് ദിവസത്തിന് ശേഷം കോഴിക്കോടെത്തി. ഇവിടെ വെച്ച് സ്വർണം വിറ്റു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് കാര്യമായ തുമ്പൊന്നും കിട്ടിയിരുന്നില്ല. പിന്നീട് സമാനമായ കേസുകൾ പരിശോധിച്ചു. ഈ കേസുകളിലെ പ്രതികളിൽ അടുത്ത കാലത്ത് തടവിൽ നിന്ന് പുറത്തിറങ്ങിയവരുടെ പേര് ശേഖരിച്ചു. ഇസ്മായിലിന്റെ മൊബൈൽ തൃശ്ശൂരിൽ സ്വിച്ച് ഓൺ ആയത് പൊലീസിന് ബോധ്യപ്പെട്ടു. പ്രതിയെ പിടികൂടിയ സന്തോഷത്തിൽ പൊലീസുകാർക്ക് നാട്ടുകാരും വീട്ടുകാരും മധുരം നൽകി.

Back to top button
error: