തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ (28) മരണത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഫൊറന്‍സിക് മേധാവി കെ.ശശികല. കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നും ‘ആത്മഹത്യയെന്ന് നിഗമനം’ എന്നൊരു മൊഴി പോലീസിനു നല്‍കിയിട്ടില്ലെന്നും കെ.ശശികല പറഞ്ഞു. ‘ശശികലയുടെ നിഗമനം ആത്മഹത്യയെന്നായിരുന്നു’ എന്നാണ് പോലീസ് രേഖപ്പെടുത്തിയത്. ഇത് തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.
കൊലപാതക സാധ്യത കൃത്യമായി പോലീസിനോട് സൂചിപ്പിച്ചിരുന്നുവെന്നും ശശികല ഉറപ്പിച്ച് പറയുന്നു. ഇതോടെ നയനയുടെ മരണവുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള അട്ടിമറികള്‍ നടന്നിരുന്നു എന്നതിന്റെ സൂചനകളും പുതിയ തെളിവുകളുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നയനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് അന്നത്തെ ഫോറന്‍സിക് മേധാവിയായിരുന്ന കെ. ശശികലയാണ്. ഇവരുടേതെന്ന തരത്തില്‍ നേരത്തെ പുറത്തുവന്ന മൊഴിയില്‍ നയന സൂര്യന്റെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാമെന്ന വിചിത്ര പരാമര്‍ശമാണ് ഉണ്ടായിരുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്നായിരുന്നു മൊഴി. എന്നാല്‍, ഇത്തരത്തിലുള്ള ഒരു മൊഴി താന്‍ പോലീസിന് നല്‍കിയിട്ടില്ലെന്ന് ശശികല വ്യക്തമാക്കുന്നു.
2019 ഫെബ്രുവരി 23നാണ് നയനയെ ആല്‍ത്തറ ജംക്ഷനിലുള്ള വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയായി കണക്കാക്കി കേസ് പൊലീസ് അവസാനിപ്പിച്ചു. എന്നാല്‍ നയനയുടെ കഴുത്തിലും ശരീരഭാഗങ്ങളിലും ക്ഷതമുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നയനയുടെ സുഹൃത്തുക്കളുടെ ഇടപെടലില്‍ ഇതു വാര്‍ത്ത ആയതോടെയാണു കേസ് പുനരന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.