പത്തനംതിട്ട: മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുളള തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര നാളെ ഒന്നിന് വലിയ കോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ നാളെ പുലര്‍ച്ചെ നാലിന് കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളില്‍നിന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഏറ്റുവാങ്ങും.
4.30 മുതല്‍ വലിയകോയിക്കല്‍ ക്ഷേത്ര സോപാനത്തില്‍ ദര്‍ശനത്തില്‍ വയ്ക്കും. 11.30 ന് വലിയ തമ്പുരാന്‍ മകയിരം നാള്‍ രാഘവ വര്‍മ്മരാജ ക്ഷേത്രത്തിലേക്ക് എത്തും. പ്രത്യേക പൂജകള്‍ക്കായി ഉച്ചയ്ക്ക് 12 മണിക്ക് നട അടയ്ക്കും. പൂജകള്‍ക്ക് ശേഷം പേടകങ്ങള്‍ മൂന്നും അടയ്ക്കും. മേല്‍ശാന്തി പൂജിച്ചു നല്‍കുന്ന ഉടവാള്‍ രാജപ്രതിനിധി തൃക്കേട്ട നാള്‍ രാജരാജ വര്‍മ്മക്ക് വലിയ തമ്പുരാന്‍ കൈമാറും. ഒരു മണിക്ക് കുളത്തിനാല്‍ ഗംഗാധരന്‍ പിളളയുടെ നേതൃത്വത്തിലുള്ള സംഘം പേടകങ്ങള്‍ ശിരസിലേറ്റും.
ഘോഷയാത്ര ശരംകുത്തിയില്‍ എത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. പതിനെട്ടാം പടി കയറിയെത്തുന്ന സംഘത്തില്‍നിന്നും ക്ഷേത്ര സോപാനത്തില്‍ വച്ച് മേല്‍ശാന്തി തിരുവാഭരണ പേടകം ഏറ്റുവാങ്ങി ശ്രീകോവിലിൽ കൊണ്ടുപോയി വിഗ്രഹത്തില്‍ ചാര്‍ത്തും.