കണ്ണൂർ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മലപ്പട്ടം പഞ്ചായതില്‍ വിവാഹവീട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ് നൂറോളം പേര്‍ ചികിത്സ തേടി, ഈ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും കാരണമറിയാതെ ഇരുട്ടില്‍ തപ്പുന്നു. വിവാഹവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം അവശത അനുഭവപ്പെട്ടവര്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
നൂറോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രി, തളിപറമ്പ് താലൂക് ആശുപത്രി, മയ്യില്‍ സി എച്ച് സി, മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രം, എന്നിവടങ്ങളിലും കണ്ണൂര്‍, തളിപ്പറമ്പ്, മയ്യില്‍, എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇതില്‍ മുപ്പതോളം പേര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലാണ്.
സ്ത്രീകളും കുട്ടികളും വയോധികരും ഭക്ഷ്യവിഷബാധയേറ്റവരിലുണ്ട്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്. എന്നാല്‍ ഇവര്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണോ അതോ കുടിച്ച ശീതളപാനീയത്തില്‍ നിന്നാണോ വിഷബാധയേറ്റതെന്ന കാര്യം ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
വിവാഹവീട്ടില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങളുടെയും ശീതളപാനീയത്തിന്റെയും സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. വിവാഹ സൽക്കാരത്തിനെത്തിയവര്‍ ഭൂരിഭാഗവും ബിരിയാണിയാണ് കഴിച്ചത്. ഇതിനിടെയില്‍ പലരും ശീതളപാനീയം കുടിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ആരോഗ്യ ഡയറക്ടര്‍ ഉള്‍പ്പെടെയുളളവര്‍ റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. കേരളം മുഴുവന്‍ തുടര്‍ച്ചയായ ഭക്ഷ്യവിഷബാധ സംഭവങ്ങളില്‍ ആശങ്കാകുലരായിരിക്കെ കണ്ണൂരിലും ഇതിനു സമാനമായ സംഭവം ആവര്‍ത്തിച്ചത് ആരോഗ്യവകുപ്പിനെ ഗുരുതരമായ പ്രതിസന്ധിയിലാക്കി.