KeralaNEWS

പക്ഷിപ്പനി ഭീതിയിൽ തിരുവനന്തപുരം; അഴൂരിൽ മൂവായിരം പക്ഷികളെ ഇന്നു മുതൽ കൊന്നു തുടങ്ങും

തിരുവനന്തപുരം: കോട്ടയത്തിനു പിന്നാലെ പക്ഷിപ്പനി ഭീതിയിൽ തലസ്ഥാന ജില്ലയും. പ്രതിരോധ നടപടികൾക്ക് ഇന്നു തുടക്കമാകും. പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിന്‍കീഴ് അഴൂരില്‍ ഇന്ന് മുതല്‍ 3000 പക്ഷികളെ കൊന്നുതുടങ്ങും. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് പ്രതിരോധ നടപടി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ വളർത്തു പക്ഷികളെയാണു കൊന്നൊടുക്കുന്നതെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി ജംങ്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ കഴിഞ്ഞയാഴ്ച ചത്തിരുന്നു. ഇത് പക്ഷിപ്പനിമൂലമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് അധികൃതർ പ്രതിരോധ നടപടികളുടെ ഭാ​ഗമായി കോഴി, താറാവ് ഉള്‍പ്പടെയുള്ള വളര്‍ത്തു പക്ഷികളെ മുഴുവന്‍ കൊന്നൊടുക്കാൻ തീരുമാനിച്ചത്. മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊന്നൊടുക്കുന്ന വളർത്തു‍പക്ഷികളിൽ 2 മാസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും, 2 മാസത്തിൽ കൂടുതലുള്ളതിന് 200 രൂപയുമാണ് നഷ്ടപരിഹാരമായി നൽകുക. മുട്ടയൊന്നിന് 8 രൂപയും നൽകും. തീറ്റ കിലോയ്ക്ക് 22 രൂപയും നൽകും. പക്ഷിപ്പനി സംശയിക്കുന്ന ജില്ലകൾക്ക് ആരോ​ഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Signature-ad

അതേസമയം, കോട്ടയം ചെമ്പ് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയുടെ അതിർത്തി ഭാഗത്തുള്ള പക്ഷികളെ (കോഴി, താറാവ്, ലൗ ബേഡ്സ് തുടങ്ങിയവ) കൊന്ന ശേഷം ശാസ്ത്രീയമായി മറവു ചെയ്തു. ചെമ്പ് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്തിന്റെ വാർഡുകളിലെ 30 വീതം പക്ഷികളെയാണു കൊന്നത്. ഈ പ്രദേശത്തിനു 10 കിലോമീറ്റർ ചുറ്റളവിൽ പക്ഷിയിറച്ചി, മുട്ട മുതലായവയുടെ വിൽപന ആരോഗ്യ വിഭാഗം നിരോധിച്ചു.

ചെമ്പ് കാട്ടിക്കുന്ന് ഭാഗത്തെ കർഷകന്റെ താറാവുകൾ ചത്തതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 6നു പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സ്ഥലത്തെ 2 മാസത്തിന് താഴെയുള്ള 271 താറാവുകളെ കൊന്നിരുന്നു.

Back to top button
error: