NEWSWorld

ക്യൂബയ്ക്കുവേണ്ടി യു.എസില്‍ ചാരവൃത്തി; 20 വര്‍ഷത്തിനുശേഷം അന മോന്റസിനു മോചനം

വാഷിങ്ടണ്‍: ക്യൂബയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ യു.എസില്‍ തടവിലായിരുന്ന അന മോന്റസ്(65) ജയില്‍മോചിതയായി. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജയില്‍മോചനം. യു.എസ് പൗരത്വമുള്ള അനയെ 1980 കളിലാണ് ക്യൂബ ചാരപ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുന്നത്.

1985-2001 വരെ പെന്റഗണിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ (ഡി.ഐ.എ) അനലിസ്റ്റ് ആയിരുന്നു അവര്‍. ക്യൂബ വിഷയത്തിലെ മുതിര്‍ന്ന അനലിസ്റ്റായി ഉദ്യോഗക്കയറ്റം കിട്ടുകയും ചെയ്തു. 2000 ലാണ് എഫ്.ബി.ഐയും ഡി.ഐ.എയും അനയ്‌ക്കെതിരേ അന്വേഷണം ആരംഭിച്ചത്. 2001 സെപ്റ്റംബര്‍ 21ന് വാഷിങ്ടനില്‍ അറസ്റ്റിലായി. രാജ്യത്തിന്റെ പ്രതിരോധ വിവരങ്ങള്‍ ക്യൂബയ്ക്ക് ചോര്‍ത്തിനല്‍കിയെന്ന കുറ്റമാണ് ചുമത്തിയത്.

Signature-ad

2002 ല്‍ 25 വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചു. ജയിലില്‍നിന്ന് വിട്ടയതിനുശേഷം അഞ്ചുവര്‍ഷം കൂടി നിരീക്ഷണത്തില്‍ തുടരണമെന്ന് വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഇവര്‍ എന്തൊക്കെ വിവരങ്ങളാണ് ക്യൂബയ്ക്കു ചോര്‍ത്തി നല്‍കിയത് എന്നുള്ളതിന്റെ പൂര്‍ണ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Back to top button
error: