IndiaNEWS

ജോഷിമഠിനു പിന്നാലെ കര്‍ണപ്രയാഗും ഇടിഞ്ഞു താഴുന്നു; വീടുകള്‍ക്കു വിള്ളല്‍, പരിഭ്രാന്തി

ഡെഹ്‌റാഡൂണ്‍: ഉത്താരാഖണ്ഡിലെ ജോഷിമഠിന് പിന്നാലെ കര്‍ണപ്രയാഗിലും വിചിത്ര ഭൗമപ്രതിഭാസം. കര്‍ണപ്രയാഗില്‍ 50 ലേറെ വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തി. ജോഷിമഠില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമായ കര്‍ണപ്രയാഗിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ മറ്റ് പ്രദേശത്തുള്ളവര്‍ ഭീതിയിലാണ്.

അതേസമയം, ജോഷിമഠില്‍ വിള്ളലുകളും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് ഗഡ്‌വാള്‍ കമ്മിഷണര്‍ സുഷീല്‍ കുമാര്‍, ദുരന്തനിവാരണ മാനേജ്മെന്റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ എന്നിവരടങ്ങിയ ഭൗമവിദഗ്ധ സംഘം പരിശോധന നടത്തി. പ്രദേശത്ത് അടിയന്തരമായി ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോഷിമഠിലെ ഗാന്ധിനഗര്‍, രവിഗ്രാം, വിഷ്ണുപ്രയാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ വലിയ ഗര്‍ത്തങ്ങളും വിള്ളലുകളും കണ്ടെത്തിയത്. തൊപൊവാനില്‍ നടക്കുന്ന എന്‍.ടി.പി.സി തുരങ്ക നിര്‍മാണവും സംഘം വിലയിരുത്തി.

Signature-ad

ഏതാണ്ട് 50,000 ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് കര്‍ണാപ്രയാഗ്. സമുദ്രനിരപ്പില്‍ നിന്നും 860 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം ജോഷിമഠില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണുള്ളത്. വെള്ളിയാഴ്ച ജോഷിമഠിലെ സംഭവിക്കുന്ന ഈ വിചിത്ര ഭൗമപ്രതിഭാസം പഠിക്കുന്നതിന് കേന്ദ്രം ഒരു പാനല്‍ രൂപീകരിച്ചിരുന്നു. പരിസ്ഥിതി-വനം വകുപ്പ്, കേന്ദ്ര ജല കമ്മിഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ക്ലീന്‍ ഗംഗ ദേശീയ മിഷന്‍ തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളാണ് പാനലില്‍ ഉള്ളത്.

Back to top button
error: