തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റപത്രം തയാറായി. പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനുശേഷമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഞ്ചു തവണ വധശ്രമം നടത്തി. ഗൂഗിള്‍ നോക്കിയാണ് ജ്യൂസ് ചലഞ്ച് തെരഞ്ഞെടുത്തത്. ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നെയ്യാറ്റിന്‍കര കോടതിയില്‍ ഈ മാസം 25ന് മുമ്പ് കുറ്റപത്രം നല്‍കുമെന്ന് പോലീസ് പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തില്‍ വിചാരണ നടത്താന്‍ തീരുമാനമായത്.
നാഗര്‍കോവില്‍ സ്വദേശിയായ സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്ന് പിന്മാറാതിരുന്നതോടെയാണ് വധിക്കാന്‍ ശ്രമം തുടങ്ങിയത്. കേസില്‍ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്ണയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്. നെയ്യൂര്‍ ക്രിസ്റ്റ്യന്‍ കോളേജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചാണ് ആദ്യത്തെ വധശ്രമം നടന്നത്. മാങ്ങാ ജ്യൂസില്‍ 50 ഡോളോ ഗുളികകള്‍ പൊടിച്ച് കലര്‍ത്തി കുടിക്കാന്‍ നല്‍കുകയായിരുന്നു. കയ്പ് കാരണം ഷാരോണ്‍ ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. കുഴുത്തുറ പഴയ പാലത്തില്‍ വച്ചും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നല്‍കി. ഇരു ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്.
ശബ്ദപരിശോധനാ റിപ്പോര്‍ട്ട് അടക്കം ശേഖരിച്ച് കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷസംഘത്തിന്റെ ശ്രമം. സ്‌പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറായി കേസില്‍ അഡ്വ വിനീത് കുമാറിനെ നിയമിച്ചു.