CrimeNEWS

പലരില്‍ നിന്നുമായി കടം വാങ്ങിയതോടെ നില്‍ക്കകള്ളിയില്ലാതായി; കഠിനംകുളത്തെ കൂട്ടആത്മഹത്യ പലിശക്കുരുക്കില്‍പ്പെട്ട്

തിരുവനന്തപുരം: കഠിനംകുളത്ത് മൂന്നംഗ കുടുംബം ജീവനൊടുക്കിയതിന് പിന്നില്‍ കടക്കെണി. പടിഞ്ഞാറ്റ് മുക്ക് കാര്‍ത്തിയില്‍ രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പലരില്‍ നിന്നുമായി രമേശന്‍ വലിയ തുക തന്നെ കടം വാങ്ങിയിരുന്നു. ഈ പണം തിരിച്ചു കൊടുക്കാന്‍ കഴിയാതെ വന്നതോടെ പലിശയും ഉയര്‍ന്നു. ഇതോടെ പലിശക്കുരുക്കില്‍ നിന്നും കരകയറാന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായതോടെയാണ് കുടുംബം ആത്മഹത്യയിലേക്ക് നീങ്ങിയതെന്നാണ് പോലീസ് പറയുന്നത്.

ലക്ഷങ്ങളുടെ ബാധ്യത തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതുമില്ല. വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു. പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതോടെ മറ്റു മാര്‍ഗ്ഗങ്ങളും ഇല്ലാതായി. ഇതിന് പിന്നാലെയായിരുന്നു ഇന്നലെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്തത്. ഗള്‍ഫില്‍ നിന്നും രമേശന്‍ മടങ്ങിയെത്തിയത് പ്രതീക്ഷകളറ്റാണെന്നാണ് പുറത്തുവരുന്ന വിവരം.

Signature-ad

അര്‍ദ്ധരാത്രി 12 മണിയോടെ മുറിയിലെ ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ മുറിയില്‍ നിന്നും തീ ആളിപ്പടരുന്നത് കണ്ടു. ഉടന്‍ വീട്ടിലെത്തിയെങ്കിലും അകത്ത് നിന്നും പൂട്ടിയിരുന്നു. മുന്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും കിടപ്പുമുറിയിലെ വാതില്‍ അലമാരയടക്കം വച്ച് കടക്കാനാകാത്ത വിധം ബന്ധിച്ചിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രമേശന്റെ മൃതദേഹം മുറിയില്‍ നിലത്തും സുലജ കുമാരിയുടെയും രേഷ്മയുടെയും മൃതദേഹം കട്ടിലിലുമായിരുന്നു ഉണ്ടായിരുന്നത്. മകന്‍ തമിഴ്നാട്ടില്‍ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു. സുലജകുമാരിയുടെ അച്ഛനും അമ്മയും തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പലിശക്കാര്‍ ശല്യപ്പെടുത്തിയെന്നും അതുകൊണ്ട് ജീവനൊടുക്കുന്നു എന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി.

Back to top button
error: