IndiaNEWS

നായയും പൂച്ചയും മനുഷ്യരല്ല; തെരുവുനായ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി

മുംബൈ: വാഹനമിടിച്ച് തെരുവുനായ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. അടിസ്ഥാനപരമായി നായയും പൂച്ചയുമൊന്നും മനുഷ്യരല്ലെന്നും ആയതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെരുവ് നായയെ അബദ്ധത്തില്‍ ഇടിച്ച് കൊന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഇന്ത്യന്‍ ശിക്ഷാനിയമം 279, 337 എന്നീ വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തിയതിനെയും ഹൈക്കോടതി ചോദ്യം ചെയതു.

Signature-ad

മനുഷ്യജീവന് അപകടമുണ്ടാക്കുന്നതോ, ഒരു വ്യക്തിക്കോ സ്വത്തിനോ നഷ്ടവും നാശവും വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പില്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഉത്തരവാദികളായ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ചെലവ് ഈടാക്കുമെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥിക്ക് 20,000 രൂപ ചെലവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.

 

”ഒരു നായയേയോ/ പൂച്ചയേയോ തങ്ങളുടെ കുട്ടിയായോ, കുടുംബാംഗമായോ ഉടമകള്‍ പരിഗണിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍, അടിസ്ഥാനപരമായി ഇവ മനുഷ്യരല്ല. ഐ.പി.സി 279, 337 വകുപ്പുകള്‍ മനിഷ്യജീവനെ അപകടപ്പെടുത്തുന്നതും, മറ്റേതെങ്കിലും വ്യക്തിക്ക് മുറിവേല്‍പ്പിക്കുന്നതുമായും ബന്ധപ്പെട്ടതാണ്. അതിനാല്‍, നിയമപരമായി നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ല,” കോടതി പറഞ്ഞു.

2020 ഏപ്രില്‍ 11ന് ഫുഡ് ഡെലിവറി ബോയ് ആയി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ മാനസ് ഗോഡ് ബോലെ (20) എന്ന വിദ്യാര്‍ഥിബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന തെരുവ് നായയെ അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ നായ കൊല്ലപ്പെട്ടു.

വിദ്യാര്‍ഥിക്കെതിരേ ഒരു നായപ്രേമി പോലീസിനെ സമീപിക്കുകയായിരുന്നു. നായപ്രേമിയുടെ പരാതിയില്‍ മറൈന്‍ ഡ്രൈവ് പോലീസ് മോട്ടോര്‍ വാഹന നിയമത്തിലെ ഐ.പി.സി സെക്ഷന്‍ 279, 337, 429, 184, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നിവ പ്രകാരം വിദ്യാര്‍ത്ഥിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ പോലീസ് 64ാം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിദ്യാര്‍ഥിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഇതിനെതിരേ വിദ്യാര്‍ത്ഥി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Back to top button
error: