അവിശ്വസനീയവും എന്നാല്‍ രസകരവുമായ ഒരു പിടി കഥാപാത്രങ്ങളായിരുന്നു ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന സിനിമയുടെ നെടുംതൂണ്. തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് ഇന്റര്‍നെറ്റിലൂടെയും ഡി.വി.ഡിയിലൂടെയും നിരവധി ആരാധകരെ നേടാന്‍ ആടിന് സാധിച്ചിരുന്നു.
ചിത്രക്കഥകള് വായിക്കുന്ന പ്രതീതി ഉളവാക്കിയ ചിത്രത്തിലെ ഓരോ വേഷങ്ങളും കള്‍ട്ട് കഥാപാത്രങ്ങളായി മാറിയിരുന്നു. ചിത്രത്തില്‍ അറക്കല്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൈജു കുറുപ്പായിരുന്നു. നടന്റെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ വേഷങ്ങളിലൊന്നാണ് അറക്കല്‍ അബു.
ആദ്യമായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ വര്‍ക്കൗട്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നുംഎന്നാല് മുഴുവന്‍ സിനിമയും ഡബ്ബ് ചെയ്ത് കണ്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടുവെന്നുമാണ് സൈജു കുറുപ്പ് പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സൈജു അറക്കല്‍ അബുവിനെ കുറിച്ച് സംസാരിച്ചത്.
”അറക്കല്‍ അബു എന്ന കഥാപാത്രം ചെയ്തിരുന്ന സമയത്ത് ഇത് വര്‍ക്കൗട്ട് ആകുമോ എന്നാലോചിച്ചാണ് ചെയ്തത്. കുറച്ച് അതിശയോക്തി കൂടുതലുള്ള കഥാപാത്രമാണ്. അതിലെ എല്ലാ കഥാപാത്രങ്ങളും ഒരു പൊടിക്ക് ഓവര്‍ ആണ്.
ഞാന്‍ ആ സിനിമയിലേക്ക് ജോയിന്‍ ചെയ്യുന്നത് മൂന്നാം ദിവസമാണ്. ആദ്യത്തെ ഷോട്ട് മദ്യ ഷോപ്പില്‍ നിന്ന് കുപ്പി വാങ്ങി വാക്കത്തിയുമായി വരുന്നതായിരുന്നു. അത് ഓക്കെ ആയിരുന്നു. പിന്നീട് ആ കഥാപാത്രത്തെ പെര്‍ഫോം ചെയ്യുമ്പോഴായിരുന്നു ടെന്‍ഷന്‍. പക്ഷെ മുഴുവന്‍ സിനിമ ഡബ്ബ് ചെയ്ത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. സിനിമ ഉറപ്പായിട്ടും ഹിറ്റാവുമെന്ന് ഞാന്‍ വിചാരിച്ചതായിരുന്നു. പക്ഷെ ഹിറ്റായില്ല. പക്ഷെ പിന്നീട് എല്ലാവരും സിനിമയെ സ്വീകരിച്ചു,”- സൈജു കുറുപ്പ് പറഞ്ഞു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ മിഥുന് മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ആട്: ഒരു ഭീകരജീവിയാണ്.’ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ഷാജി പാപ്പനായി എത്തിയത് ജയസൂര്യയായിരുന്നു.
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ 7 ചെറുപ്പക്കാര്‍ക്ക് സമ്മാനമായി ലഭിച്ച ഒരു ആട് വരുത്തി വെക്കുന്ന വിനകളും തുടര്‍ന്ന് ഇവര്‍ നേരിടേണ്ടി വന്ന വെല്ലുവിളികളുമാണ് കഥാ പശ്ചാത്തലം.
ഷാജി പാപ്പന്, അറക്കല്‍ അബു, സാത്താന് സേവ്യര്‍, സര്‍ബത്ത് ഷമീര്‍, പി.പി ശശി, ഡ്യൂഡ് തുടങ്ങിയ കഥാ പാത്രങ്ങള്‍ ഇന്നും ആരാധകരയുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. സിനിമാ ചരിത്രത്തിലെ മറ്റൊരു അപൂര്‍വതയും ആടിനുണ്ട്, തിയേറ്ററില്‍ പൊളിഞ്ഞു പോയ ഒരു സിനിമക്ക് രണ്ടാം ഭാഗമിറക്കാനുള്ള അവസരം ലഭിച്ചു എന്ന സവിശേഷതയാണത്.