സത്യൻ അന്തിക്കാട്- ലോഹിതദാസ് ചിത്രം ‘തൂവൽക്കൊട്ടാരം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 27 വർഷം
സിനിമ ഓർമ്മ
സത്യൻ അന്തിക്കാട്-ലോഹിതദാസ് ടീമിന്റെ ‘തൂവൽക്കൊട്ടാരം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 27 വർഷം. 1996 ജനുവരി ആറിനായിരുന്നു തിയറ്ററിൽ വമ്പിച്ച വിജയം നേടിയ ഈ ജയറാം-മഞ്ജു വാര്യർ ചിത്രത്തിന്റെ പ്രദർശനാരംഭം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് നിർമ്മാണം. ചിത്രത്തിലെ കൈതപ്രം-ജോൺസൺ ടീമിന്റെ 4 ഗാനങ്ങളും ഇന്നും മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ട്.
ത്രികോണ പ്രണയകഥയിലൂടെ മാനുഷികമൂല്യത്തിൻ്റെ സന്ദേശം വിളംബരം ചെയ്യുകയാണ് കഥാകാരൻ ലോഹിതദാസ്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വക്കീലിന്റെയും (ജയറാം) പ്രണയിനിയുടെയും (സുകന്യ) ഇടയിൽ അപ്രതീക്ഷിതമായി വന്നു കയറിയ വിരുന്നുകാരിയാണ് മഞ്ജു വാര്യർ അഭിനയിച്ച സമ്പന്നയായ വിഷാദരോഗി. പ്രേമിച്ച പെണ്ണിന് മുൻപിൽ സമ്പത്ത് വേണ്ടെന്ന് വയ്ക്കുന്ന ജയറാമിന്റെ കഥാപാത്രവും കാര്യങ്ങൾ മനസ്സിലാക്കി പിന്മാറുന്ന മഞ്ജു വാര്യരുടെ കഥാപാത്രവുമായിരുന്നു ചിത്രത്തിന്റെ പ്ലസ് പോയിന്റുകൾ.
നാല് ഗാനങ്ങളിൽ ‘തങ്കനൂപുരമോ’ എന്ന ശോകഗാനം എഴുതിയത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. ‘സിന്ദൂരം പെയ്‌തിറങ്ങി’ എന്ന ഗാനത്തിൽ സംഗീത സംവിധായകൻ രവീന്ദ്രനും പാടിയിട്ടുണ്ട്. ജോൺസന്റെ സംഗീത സംവിധാനത്തിൽ പാടാൻ കഴിഞ്ഞതിന്റെ സന്തോഷം രവീന്ദ്രൻ അക്കാലത്ത് വെളിപ്പെടുത്തിയിരുന്നു.
യേശുദാസിന് മികച്ച ഗായകനും ഒടുവിൽ ഉണ്ണികൃഷ്ണന് സഹനടനും ജയറാമിന് സ്‌പെഷൽ ജൂറി അവാർഡും ഈ ചിത്രത്തിലൂടെ ലഭിച്ചു.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ