കളങ്കാവല്‍ കളങ്കോടിക്കാവലാകുന്നു; വിനായകനും വില്ലനും കോടികളടിച്ചു; കളങ്കാവലിനും കോടികളുടെ കിലുക്കം: 20 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കളക്ഷന്‍ 36 കോടിയിലധികം; മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ചിത്രം കോടികള്‍ വാരുന്നു

കൊച്ചി: വിനായകന് നായകനും മമ്മൂട്ടി വില്ലനുമായി കൊമ്പുകോര്‍ക്കുന്ന കളങ്കാവല്‍ കേരളത്തിനകത്തും പുറത്തും കോടികളുടെ കിലുക്കവുമായി കളങ്കോടിക്കാവലാകുന്നു.
നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ ബോക്സ് ഓഫീസില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വമ്പന്‍ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ഈ മാസം അഞ്ചിന് തീയറ്ററകളിലെത്തിയ കളങ്കാവല്‍
20 ദിവസം കൊണ്ട് അതായത് ഡിസംബര്‍ 24 വരെയുള്ള കളക്ഷനാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിനകത്തേയും പുറത്തെയും കളക്ഷനുകള്‍ അമ്പരപ്പിക്കുന്നതാണ്. കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് 36.2 കോടിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 6.85 കോടി. കേരളത്തിലേതിനെ മറികടക്കുന്ന കളക്ഷനാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്. 4.371 മില്യണ്‍ ഡോളര്‍ ആണ് വിദേശത്ത് ആകെ. അതായത് 39.55 കോടി. കേരളത്തിലേതിനെ മറികടക്കുന്ന കളക്ഷന്‍ വിദേശത്ത് നേടുക എന്നത് അപൂര്‍വ്വമാണ്. എല്ലാ മാര്‍ക്കറ്റുകളിലേതും ചേര്‍ത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് കളങ്കാവല്‍ 20 ദിവസം കൊണ്ട് നേടിയിരിക്കുന്നത് 82.60 കോടി രൂപയാണ്. ബജറ്റ് പരിഗണിച്ചാല്‍ ചിത്രം സൂപ്പര്‍ഹിറ്റ് സ്റ്റാറ്റസില്‍ ഇതിനോടകം എത്തിയിട്ടുണ്ട്.
നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു സീരിയല്‍ കില്ലര്‍ ആണ് മമ്മൂട്ടിയുടെ കഥാപാത്രം. സ്റ്റാന്‍ലി ദാസ് എന്ന ഈ കഥാപാത്രം നായകനല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയ വസ്തുത. പ്രതിനായകനാണ് ചിത്രത്തില്‍ മമ്മൂട്ടി. വിനായകനാണ് നായകന്.
ഇമേജ് നോക്കാതെ മമ്മൂട്ടി തെരഞ്ഞെടുത്ത ഈ കഥാപാത്രത്തെ വെറുപ്പോടും അറപ്പോടും മാത്രമേ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുള്ളു. എന്നാല്‍ കൂടുതലും സ്ത്രീ പ്രേക്ഷകര്‍ തന്നെയാണ് കളങ്കാലിന് കയറുന്നത്.
സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടിയെപ്പോലെ മലയാളികളെ സ്ഥിരമായി വിസ്മയിപ്പിച്ചിട്ടുള്ള താരങ്ങള്‍ കുറവാണ്, പ്രത്യേകിച്ചും സമീപകാലത്ത്. അതില്‍ത്തന്നെ ഏറ്റവും ശ്രദ്ധേയമായിരുന്നു കളങ്കാവല്‍.
മമ്മൂട്ടി കമ്പനി സമീപകാലത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രൊമോഷന് നടത്തിയ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലൂടെ മറ്റൊരു നവാഗത സംവിധായകനെക്കൂടി മമ്മൂട്ടി മലയാള സിനിമയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ജിതിന് കെ ജോസ് ആണ് ആ സംവിധായകന്. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കിയ ജിതിന് കെ ജോസിന്റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. ജിതിന് കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്.






