കോട്ടയം: സഹകരണ ബാങ്കുകൾ വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തിയ ജീവനക്കാരുടെ ഇൻസന്റീവ് തുക മുൻ കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പെൻഷൻ വിതരണത്തിന് അമ്പത് രൂപ നിരക്കിൽ അനുവദിച്ചാണ് നാളിതു വരെ സഹകരണ ബാങ്കുകൾ വഴി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്ത് പോന്നിരുന്നത്. അത് തന്നെ 2021 നവംബർ മുതൽ കുടിശിക ആയിരുന്നു.
കഴിഞ്ഞ മാസം ധനകാര്യ, സഹകരണ വകുപ്പ് മന്ത്രിമാരും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ കുടിശിക തുക രണ്ടോ മൂന്നോ ഘട്ടമായി വിതരണം ചെയ്യും എന്ന് ഉറപ്പും നൽകിയിരുന്നു. ആ ഉറപ്പിന് വിരുദ്ധമായാണ് പുതുക്കിയ നിരക്കിൽ ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ അനുവദിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. നൽകാം എന്ന് വാഗ്ദാനം നൽകിയ കൂലി വെട്ടിക്കുറക്കുന്ന നടപടിയെ ഒരു തരത്തിലും ഇടതുപക്ഷ നയം എന്ന് വിലയിരുത്താനും കഴിയില്ല. സർക്കാരിന് തുടർ ഭരണം നേടി കൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ച, സാമൂഹ്യ പ്രതിബദ്ധതയോടെ പെൻഷൻ വിതരണം നടത്തിവരുന്ന സഹകരണ ജീവനക്കാർക്ക് ദ്രോഹകരമായ ഉത്തരവ് പിൻവലിക്കണമെന്നും കുടിശിക തുക അടിയന്തിരമായി വിതരണം നടത്തണമെന്നും യൂണിയൻ ജില്ലാ സെക്രട്ടറി ആർ.ബിജു, പ്രസിഡന്റ് അബ്ദുൾ ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു.