KeralaNEWS

തീർത്ഥാടകപ്രവാഹത്തിൽ സന്നിധാനം; ദർശനപുണ്യമായി മകരസംക്രമപൂജ 14ന് രാത്രി 8.45 ന്

  • മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി.

ശബരിമല: മകരവിളക്കിനായി നട തുറന്ന ശബരിമലയിൽ ഭക്തജനപ്രവാഹം. ദർശന പുണ്യമായി സന്നിധാനത്ത് മകരജ്യോതിയും മകരസംക്രമ പൂജയും 14 ന് നടക്കും. സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന 14 ന് രാത്രി 8.45 ന് മകരസംക്രമ പൂജ. പൂജയുടെ സ്‌നാനകാലത്ത് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍ വശം കൊടുത്തയയ്ക്കുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് ഈ സമയം അഭിഷേകം ചെയ്യുക. 12 ന് പന്തളം കൊട്ടാരത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14 ന് വൈകിട്ട് 6.30 ന് ദീപാരാധന നടക്കും. ഈ സമയം ആകാശനീലിമയില്‍ മകരനക്ഷത്രം മിഴി തുറക്കും. മകരജ്യോതിയും തെളിയും. ഇക്കുറി തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് ശേഷമാണ് മകര സംക്രമ പൂജയും സംക്രമാഭിഷേകവും നടക്കുക. രാത്രി 11.30 വരെ ദര്‍ശനം ഉണ്ടായിരിക്കും.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾ 12,13 തീയതികളില്‍ നടക്കും. 12 ന് പ്രാസാദശുദ്ധിയും 13 ന് ബിംബശുദ്ധിയും നടക്കും. പ്രാസാദശുദ്ധി ക്രിയകളുടെ ഭാഗമായി ഗണപതി പൂജ, രാക്ഷോഹ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു പുണ്യാഹം, വാസ്തുകലശം, രക്ഷാകലശം എന്നിവയും ബിംബ ശുദ്ധിക്രീയകളുടെ ഭാഗമായി രാവിലെ ചതു: ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം 25 കലശം എന്നിവ നടക്കും. 14 ന് രാത്രി മുതല്‍ മാളികപ്പുറത്ത് നിന്ന് എഴുന്നത്തുണ്ടാകും. 18 ന് കളഭം, 19 ന് ഗുരുതി. 20 ന് രാവിലെ രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി നടയടയ്ക്കും. 18 വരെ അഭിഷേകം ഉണ്ടായിരിക്കുകയുള്ളു. 19 വരെ മാത്രമെ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകുകയുള്ളൂ. 15 മുതല്‍ 19 വരെ പടിപൂജ ഉണ്ടാകും.

Signature-ad

അതേസമയം മകരജ്യോതി ദര്‍ശനത്തിന് ശേഷമുള്ള തിരക്ക് കണക്കിലെടുത്ത് കെ എസ്.ആർ.ടി.സി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും കണ്ടക്ടര്‍മാര്‍ ഉണ്ടാകും. നിലവില്‍ ചെയിന്‍ സര്‍വീസ് ബസുകളില്‍ കണ്ടക്ടര്‍മാരില്ല. 205 ബസുകള്‍ ചെയിന്‍ സര്‍വീസിനും, 65 ബസുകള്‍ ദീര്‍ഘദൂര സര്‍വീസിനുമാണ് ഇപ്പോഴുള്ളത്. ഇത് കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 800 ബസുകള്‍ കൂടി എത്തും. ഇതോടെ മകരജ്യോതി ദര്‍ശന ശേഷം തീര്‍ത്ഥാടകര്‍ക്കുള്ള മടക്ക യാത്രയ്ക്ക് 1070 ബസുകളാണ് ഉണ്ടാവുക. 200 ബസുകള്‍ നിലയ്ക്കല്‍ ബേസ്‌ക്യാമ്പില്‍ പാര്‍ക്ക് ചെയ്യും.

ജ്യോതി ദര്‍ശനം കഴിഞ്ഞാലുടന്‍ ചെയിന്‍ സര്‍വീസിനൊപ്പം ദീര്‍ഘദൂര ബസ് സര്‍വീസുകളും ആരംഭിക്കും. മൂന്ന് ചെയിന്‍ പുറപ്പെടുമ്പോള്‍ ഇതിനിടയില്‍ ഒരു ദീര്‍ഘദൂര ബസ് എന്ന നിലയിലാവും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. രണ്ടാം ഘട്ടത്തില്‍ മൂന്ന് ചെയിന്‍ സര്‍വീസിനൊപ്പം രണ്ട് ദീര്‍ഘദൂര ബസ് എന്ന നിലയില്‍ വാഹനങ്ങള്‍ ക്രമീകരിക്കും. പമ്പ ഡിപ്പോയില്‍ സ്ഥലസൗകര്യം പരിമിതമായതിനാല്‍ അട്ടത്തോട് മുതല്‍ പമ്പാ ത്രിവേണി വരെ റോഡിന്റെ ഒരു ഭാഗത്ത് ബസുകള്‍ പാര്‍ക്ക് ചെയ്യും. പ്ലാപ്പള്ളിയില്‍ 100, പൊന്‍കുന്നത്ത് 60, എരുമേലിയില്‍ 40 ബസുകളും പത്തനംതിട്ട പാര്‍ക്കിങ് ഗ്രൗണ്ടില്‍ 100 ബസുകളും സജ്ജീകരിക്കും. സര്‍വീസുകളെ ബാധിക്കാതിരിക്കാന്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് തന്നെ ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തും. ബസുകള്‍ക്ക് തകരാര്‍ ഉണ്ടായാല്‍ പരിഹരിക്കാന്‍ ഏഴ് ബസിന് ഒരു മെക്കാനിക്ക് എന്ന നിലയില്‍ ജീവനക്കാരെ നിയോഗിക്കും. ഇത് കൂടാതെ അഞ്ച് ബൈക്ക് റൈഡേഴ്‌സും ഉണ്ടാകും.

Back to top button
error: