പത്തനംതിട്ട: അനധികൃത സ്വത്തു സമ്പാദന ആരോപണത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി തല അന്വേഷണം. പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരേ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു.
അടൂരില്‍ ആറു കോടി രൂപ മുടക്കി ജയന് ഫാംഹൗസ് സ്വന്തമാക്കി എന്നാണ് പരാതി. സി.പി.ഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരം വസ്തുതാന്വേഷണം നടത്തുന്നത്.
സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ.കെ അഷ്റഫിനെയാണ് അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദേശം. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടി തീരുമാനിക്കാനാണ് സി.പി.ഐ നേതൃത്വത്തിലെ ധാരണ.