ഏഴാം മാസം പഴുത്ത പപ്പായ വിളവെടുക്കാം, റെഡ് ലേഡിയുടെ കൃഷിയും പരിചരണ മുറകളും
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പെട്ടെന്നു കേടാകാത്ത പ്രകൃതവും നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു. പഴുത്ത റെഡ് ലേഡി പപ്പായ ഒരാഴ്ചവരെ വരെ കേടാകാതിരിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര് റെഡ് ലേഡി പപ്പായ കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിനിതു തികയുന്നില്ല. ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും റെഡ് ലേഡി പപ്പായ കൃഷി ചെയ്യാവുന്നതേയുള്ളൂ.
നടുന്ന സമയത്ത് അല്‍പ്പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുന്ന ഇനം കൂടിയാണ് റെഡ്ലേഡി പപ്പായയെന്ന് കര്‍ഷകര്‍ പറയുന്നു.
തൈ നടാം
കേരളത്തിലെ കാലാവസ്ഥയില്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളാണ് പപ്പായ കൃഷിക്ക് ഏറ്റവും അനുയോജ്യം. നല്ല നീര്‍വാഴ്ച്ചയുള്ളതും നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് റെഡ് ലേഡി പപ്പായ കൃഷിക്ക് ഏറെ അനുയോജ്യം. വെള്ളം ഒട്ടും ചുവട്ടില്‍ കെട്ടികിടക്കരുത്. വേരുകള്‍ അഴുകിപ്പോകാന്‍ ഇതു കാരണമാകും.