ചെന്നൈ: ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കള്ളക്കുറിച്ചി ജില്ലയിലെ വൈനന്തത്തെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ ദളിത് വിഭാഗത്തിലുള്ളവര്‍ ആദ്യമായി ആരാധന നടത്തി. സവര്‍ണര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തിലെ ആരാധനയ്ക്കായി ഇവിടുത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധങ്ങളാണ് ഇന്നലെ ഫലം കണ്ടത്.
വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധനയ്ക്കായി പ്രദേശത്തെ ദളിത് വിഭാഗക്കാര്‍ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിവേദനങ്ങളായും പ്രതിഷേധങ്ങളായുമൊക്കെ ഇവര്‍ കാത്തിരുന്നത് വര്‍ഷങ്ങള്‍. എന്നാല്‍ ക്ഷേത്ര ഭരണ സമിതി ആരാധനയ്ക്ക് അനുമതി നല്‍കിയില്ല. ക്ഷേത്രത്തില്‍ കയറാന്‍ ചിലര്‍ ശ്രമിച്ചത്, പ്രദേശത്ത് വലിയ പ്രശ്നങ്ങളും സൃഷ്ടിച്ചു. ആറു മാസം മുന്‍പാണ് ക്ഷേത്രപ്രവേശനത്തിനായി പ്രദേശത്തുകാര്‍ നിരന്തര സമരം ആരംഭിച്ചത്.
സമരം ശക്തമായതോടെ, കലക്ടറുടെ നേതൃത്വത്തില്‍ സമാധാന യോഗങ്ങള്‍ ചേര്‍ന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസിലെത്തി സമരക്കാര്‍ നിവേദനം നല്‍കി. അങ്ങനെ ഒടുവില്‍ അനുമതി ലഭിച്ചു. ഇന്നലെ പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ ക്ഷേത്രത്തിലെത്തി ആരാധന നടത്തി. കനത്ത പോലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രവും പരിസരവും.