KeralaNEWS

പാലക്കാട് കവര്‍ച്ചാശ്രമത്തിനിടെ വയോധികയുടെ കൊലപാതകം; വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍ 

പാലക്കാട്: കൊടുമ്പ് തിരുവാലത്തൂരില്‍ വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ കൊടുമ്പ് കിണാശ്ശേരി തോട്ടുപാലം നെല്ലിക്കുന്ന് ബഷീര്‍(40), തത്തമംഗലം തുമ്പിച്ചിറ കൊല്ലംകുളമ്പ് സത്യഭാമ (33) എന്നിവരെയാണ് സൗത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8.30നാണ് കൊടുമ്പ് തിരുവാലത്തൂര്‍ ആറ്റിങ്കല്‍ വീട്ടില്‍ പത്മാവതി(74)യെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം പത്മാവതി ഒറ്റയ്ക്കായിരുന്നു തറവാട്ടുവീട്ടില്‍ താമസം. മകനും കുടുംബവും തറവാടിനോട് ചേര്‍ന്ന മറ്റൊരുവീട്ടിലാണ്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി മകന്‍ അമ്മയെ വിളിക്കാനെത്തിയപ്പോഴാണ് പത്മാവതിയെ മരിച്ചനിലയില്‍ കണ്ടത്.

കഴുത്തില്‍ പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. വീട്ടിൽ കെട്ടുപണിക്കെത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വീട്ടില്‍ കെട്ടുപണിക്ക് വന്ന ബഷീര്‍ സംഭവ ദിവസം തൃശൂരിലേക്ക് പോകണമെന്ന് പറഞ്ഞ് മൂന്നുമണിയോടെ പണിനിര്‍ത്തി പോയി. ഇതില്‍ സംശയ തോന്നിയ പോലീസ് ബഷീറിന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രാത്രിയോടെ ഒളിവില്‍ പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് കൂടെ പണിക്കെത്തിയ സത്യഭാമയെ ചോദ്യം ചെയ്തു. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന സത്യഭാമക്ക് ബഷീറുമായി ബന്ധമുണ്ടായിരുന്നു. സത്യഭാമയെ വിശദമായി ചോദ്യം ചെയ്തതിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.

Signature-ad

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സംഭവദിവസം ഇരുവരും ഭക്ഷണം കൊണ്ടുവരാത്തതിനാല്‍ വീടിന്റെ പുറകുവശത്ത് വിശ്രമിക്കുകയായിരുന്നു. മുന്നിലിരിക്കുന്ന മറ്റുപണിക്കാര്‍ കാണാതെ പഴയ തറവാടിന്റെ പൊളിച്ച മേല്‍ക്കൂരയിലൂടെ ഇറങ്ങി അകത്തെ കിടപ്പുമുറിയില്‍ ഇരിക്കുകയായിരുന്ന പത്മാവതിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാന്‍ ശ്രമിച്ചു. അവര്‍ ബഹളം ഉണ്ടാക്കിയതോടെ കൈയിലുണ്ടായിരുന്ന തോര്‍ത്തുകൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വീടിന്റെ പുറക് വശത്തെ വാതില്‍ തുറന്ന് പുറത്തുവരികയും മറ്റുപണിക്കാരോട് തൃശൂര്‍ പോകണമെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു. ചിറ്റൂരിലെ ജ്വല്ലറിയില്‍ മാല വിറ്റു. പണത്തിന്റെ ഒരു പങ്ക് അഞ്ചുമണിക്ക് പണി കഴിഞ്ഞെത്തിയ സത്യഭാമയെ ഏല്‍പ്പിച്ചു. മൊബൈല്‍ ഓഫാക്കിയ ശേഷം പുതിയ സിമ്മും, ഫോണും വാങ്ങി കോയമ്പത്തൂരിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ബഷീര്‍ പിടിയിലായത്.

മാലവിറ്റുകിട്ടിയ പണം കൊണ്ട് പുതിയ മൊബൈല്‍ വാങ്ങിയതായും ഉണ്ടായിരുന്ന ബാധ്യതകളും തീര്‍ത്ത് ബാക്കിയുണ്ടായിരുന്നതില്‍ 50,000 രൂപ സത്യഭാമയെ ഏല്‍പ്പിക്കുകയുമായിരുന്നുവെന്ന് ബഷീര്‍ പോലീസിനു മൊഴി. ബാക്കി പണവുമായി വീട്ടിലെത്തിയപ്പോള്‍ പത്മാവതിയുടെ മരണവുമായി ബന്ധപ്പെട്ട് സഹതൊഴിലാളികള്‍ അന്വേഷിച്ചെത്തിയിരുന്നതായി മനസിലായതോടെ സത്യഭാമയുടെ കൈയില്‍ ഏല്‍പ്പിച്ച പണത്തില്‍ നിന്നും കുറച്ചു വാങ്ങി കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. ഇരുവരും ആര്‍ഭാട ജീവിതം നയിക്കുകയും ലോണെടുത്ത് വലിയ വിലവരുന്ന മൊബൈല്‍ വാങ്ങുകയും ചെയ്തിരുന്നു. ബാധ്യതയായതോടെയാണ് മാല മോഷ്ടിക്കാന്‍ തീരുമാനിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പേ മോഷണം ആസൂത്രണം ചെയ്തിരുന്നു. മൂന്നുദിവസം മുമ്പ് ചിറ്റൂരിലെ ജ്വല്ലറിയിലെത്തി മാലകൊണ്ടുവന്നാല്‍ എടുക്കുമോ എന്നും ചോദിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

Back to top button
error: