കണ്ണൂര്‍: എസ്.എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് എഴുന്നേറ്റുനില്‍ക്കാതിരുന്നതിനെച്ചൊല്ലി വിവാദം. പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു.
തൊട്ടടുത്തുണ്ടായിരുന്ന രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ എഴുന്നേല്ക്കാന് ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ കൈകൊണ്ടു വിലക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച സജീവമായത്. ഗുരുര്‍ബ്രഹ്മാ ഗുരുര്വിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയില്‍ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്.എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് രംഗത്തുവന്നു. മതത്തിന് എതിരല്ല സി.പി.എം എന്നു പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ മതാചാരങ്ങളെ പൊതുവേദിയില്‍ അപമാനിക്കുകയാണു മുഖ്യമന്ത്രിയെന്നു സുധാകരന് കുറ്റപ്പെടുത്തി.
ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന് പറഞ്ഞു. ശിവഗിരിയില്‍ എത്തി ഗുരുദര്‍ശനങ്ങളെ പുകഴ്ത്തിയ പിണറായി വിജയന് എസ്.എന്‍ കോളജ് വേദിയില്‍ ഗുരുസ്തുതി ചൊല്ലുമ്പോള്‍ എഴുന്നേല്‍ക്കാതെയിരുന്ന് ഗുരുവിനെ അപമാനിച്ചു. ആവശ്യം വരുമ്പോള്‍ ഗുരുദര്‍ശനങ്ങളെയും ശ്രീനാരായണീയരെയും വാഴ്ത്തുന്ന മുഖ്യമന്ത്രി തരംപോലെ ഇകഴ്ത്തലും തുടരുകയാണെന്നു മുരളീധരന് പറഞ്ഞു.