ഭാര്യ ഒളിച്ചോടിയതിലെ പ്രതികാരത്തില്‍ കാമുകന്റെ പിതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ഗാസിയാബാദ് ലോണി ന്യൂ വികാസ് നഗര്‍ സ്വദേശി മംഗേറാമിനെ(60)യാണ് സമീപവാസിയായ സുനില്‍(27) വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട മംഗേറാമിന്റെ മകനും പ്രതിയായ സുനിലിന്റെ ഭാര്യയും ദിവസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയിരുന്നു. ഇതേച്ചൊല്ലി ഇരുകുടുംബങ്ങള്‍ക്കുമിടയില്‍ ശത്രുത നിലനിന്നിരുന്നു. ഇതിനുപിന്നാലെയാണ് സുനില്‍ മംഗേറാമിനെ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ ഭാര്യയാണ് മംഗേറാമിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പുതപ്പിനുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. പ്രതിയെ ഭാര്യ നേരിട്ടുകണ്ടില്ലെങ്കിലും സംഭവത്തിന് പിന്നില്‍ സുനില്‍ ആണെന്ന് ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും സുനില്‍ ഭാര്യയെ അന്വേഷിച്ച് വിളിച്ചിരുന്നുവെന്ന് മംഗേറാമിന്റെ ഭാര്യ മൊഴി നല്കി. എന്നാല്‍ ഒളിച്ചോടിയ മകനും കാമുകിയും എവിടെയാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഇവര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിയായ സുനിലിനെ വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കോടാലിയുമായി എത്തിയാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ മൊഴി നല്കി.
സുനിലിന്റെ ഭാര്യയായ 26കാരിയും മംഗേറാമിന്റെ മകനായ 25കാരനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്നും ഒളിച്ചോടിയത്. ഒരുമാസം മുമ്പും സുനിലിന്റെ ഭാര്യ കാമുകനൊപ്പം നാടുവിട്ടിരുന്നു. എന്നാല്‍ രണ്ടുദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി.