തിരുവനന്തപുരം: നഗരസഭയിലെ നിയമനക്കത്തുവിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കക്ഷി നേതാക്കളുമായി തദ്ദേശസ്വയം ഭരണമന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് സ്ഥാനത്ത് നിന്ന് ഡിആര്‍ അനിലിനെ മാറ്റി നിര്‍ത്താന്‍ ധാരണയായെന്ന് എം.ബി രാജേഷ് അറിയിച്ചു. ഇതോടെ നഗരസഭ കവാടത്തിന് മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.
മേയര്‍ രാജിവെക്കണമെന്നതായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ട് കേസുകള്‍ ഹൈക്കോടതിയുടെ മുമ്പിലുണ്ട്. ഒന്നില്‍ വിധി വന്നു. മറ്റൊന്ന് കോടതിയുടെ മുന്‍പിലാണ് അത് കോടതിയുടെ തീര്‍പ്പിന് വിടുകയാണെന്ന് എംബി രാജേഷ് പറഞ്ഞു. അത് സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയര്‍ന്നിരുന്നു. കത്ത് എഴുതിയത് അദ്ദേഹമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ ധാരണയായെന്നും എം.ബി രാജേഷ് പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ഭരണപരമായ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും എം.ബി രാജേഷ് പറഞ്ഞു. നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് വഴി നടത്തും. ഈ ധാരണകളുടെ അടിസ്ഥാനത്തില്‍ നഗരസഭാ കവാടത്തില്‍ നടത്തുന്ന സമരം അവസാനിപ്പിക്കാമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചതായി രാജേഷ് പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളില്‍ ക്രിയാത്മകമായ നിലപാടാണ് സര്‍ക്കാരും ഭരണത്തിന് നേതൃത്വം നല്കിയ പാര്‍ട്ടിയും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.വി രാജേഷ് പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനെ മാറ്റാമെന്ന തീരുമാനം അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭാ കവാടത്തിന് മുന്പിലെ സമരം അവസാനിപ്പിക്കുന്നതായി രാജേഷ് പറഞ്ഞു. കോര്പ്പറേഷന് വളയല്‍, ഹര്‍ത്താല്‍ എന്നീ കാര്യങ്ങളില്‍ ഇന്നത്തെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വുവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും രാജേഷ് പറഞ്ഞു.